ചെളിയിൽ വിരിഞ്ഞ ചെന്താമര എന്ന വിശേഷണമാണ് മുണ്ടക്കയം സ്വദേശി എന്‍.കെ മനോഹരന് ഏറ്റവും അനുയോജ്യം. കൂലിപ്പണി ചെയ്തും ഓട്ടോറിക്ഷ ഓടിച്ചും പണമുണ്ടാക്കി പഠിച്ച് ഉന്നത ബിരുദം നേടിയ ഈ ചെറുപ്പക്കാരൻ താണ്ടിയ വഴികൾ ചെറുതല്ല.
പാവപ്പെട്ട പട്ടികജാതി കുടുംബത്തിലെ അംഗമായ എന്‍.കെ മനോഹരന്‍ (36) കേരള സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കി. കൂലിപ്പണിക്കാരനായ മനോഹരന് ഗവേഷണ പണ്ഡിതനാകാനുള്ള വഴി അത്ര എളുപ്പമല്ലായിരുന്നു. കാര്യവട്ടം കാമ്പസിലെ ഗവേഷണ കാലയളവിലെ ഇടവേളകളില്‍ ഓട്ടോറിക്ഷാ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.
പഠിക്കാനും ജീവിതം പുലർത്താനും പണമുണ്ടാക്കുകയെന്നത് സ്‌കൂള്‍ കാലം മുതലേ മനോഹരന്റെ മുദ്രാവാക്യമാണ്. മെച്ചപ്പെട്ട കൂലിയും വിഭവസമൃദ്ധമായ ഭക്ഷണവും ലഭിക്കുന്ന കോൺക്രീറ്റ് പണി മനോഹരന് ഏറെ ഇഷ്ടപ്പെട്ടു. കൊത്തുപണിക്ക് സ്ഥിരമായി പോകാൻ കഴിഞ്ഞിട്ടില്ലെന്ന് മനോഹരന്‍ പറയുന്നു. എന്നാല്‍ കാര്യവട്ടം കാംപസില്‍ നിന്നും ജന്മനാടായ മുണ്ടക്കയം പുലിക്കുന്നിലേക്ക് പോകുമ്പോഴെല്ലാം കെട്ടിട -കോൺക്രീറ്റ് തൊഴിലാളിയായി ജോലി കിട്ടുമെന്ന് മനോഹരന് ഉറപ്പായിരുന്നു. കുഞ്ഞുചെറുക്കന്റെയും അമ്മിണിയുടെയും മകനായ മനോഹരന്‍ തന്റെ മൂത്ത സഹോദരി മഞ്ജുവിന്റെ വിവാഹ ചുമതലയും ഏറ്റെടുത്തു. കോട്ടയം കിടങ്ങൂരിലാണ് മഞ്ജുവിനെ കെട്ടിച്ചയച്ചത്. പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന റിസര്‍ച്ച് ഫെലോഷിപ് കൊണ്ട് മാത്രം ഗവേഷണം പൂര്‍ത്തീകരിക്കുക പ്രയാസമാണെന്ന് മനോഹരന്‍ പറയുന്നു. ഗവേഷണ കാലത്തും മനോഹരൻ പട്ടണത്തില്‍ കൂലിപ്പണിക്കും ഓട്ടോറിക്ഷാ ഡൈവിംങിനുമൊക്കെ പോയിരുന്നു.
‘പട്ടികജാതി കുട്ടികള്‍ക്കിടയില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള വിവിധ സംസ്ഥാന, കേന്ദ്ര പദ്ധതികളെക്കുറിച്ചായിരുന്നു എന്റെ ഗവേഷണ വിഷയം. അസോസിയേറ്റ് പ്രൊഫസറും കോഴിക്കോട് ചേരാനല്ലൂര്‍ ശ്രീനാരായണ ഗുരു കോളജ് പ്രിന്‍സിപ്പലുമായ എസ്.പി കുമാര്‍ എന്റെ ഗൈഡ് ആയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം എം.ഫിലിന് ശേഷം എന്റെ അക്കാദമിക് ജീവിതത്തില്‍ ആറ് വര്‍ഷത്തെ ഇടവേളയുണ്ടായിരുന്നു. ഇപ്പോള്‍ കോളജ് അധ്യാപക ജോലിയാണ് എന്റെ ലക്ഷ്യം’ സി.ഐ.ടി.യു അംഗം കൂടിയായ മനോഹരന്‍ പറഞ്ഞു.
ചങ്ങനാശേരി എന്‍.എസ്.എസ് കോളജില്‍ ബി.എ ഇക്കണോമിക്‌സ് പഠിച്ച മനോഹരന്‍ അവിടെ നിന്ന് ബിരുദാനന്തര ബിരുദത്തിനായി കാര്യവട്ടം കാംപസിലെത്തി, സുഹൃത്തുക്കള്‍ സുഗമമായി ഗവേഷണം നടത്തിയപ്പോള്‍ ഏറെ കഠിനാധ്വാനം ചെയ്യേണ്ടിവന്നതായി മനോഹരന്‍ അനുസ്മരിച്ചു. എന്നാല്‍ ഭൂതകാലങ്ങള്‍ മാറ്റിവെച്ച മനോഹരന്‍ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ കോളജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേരാനുള്ള ശ്രമത്തിലാണ്.