CrimeNEWS

ഗുരുതര ആരോപണങ്ങള്‍ നേരിട്ട എ.എസ്.ഐയെ രക്ഷിക്കാന്‍ റിപ്പോര്‍ട്ട് തിരുത്തി; ഗ്രേഡ് എസ്.ഐ. അറസ്റ്റില്‍

മലപ്പുറം: ഗുരുതര ആരോപണങ്ങള്‍ നേരിട്ട എ.എസ്.ഐയെ രക്ഷിക്കാന്‍ അന്വേഷണറിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ തിരൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മോഹന്‍ദാസിനെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. എ.എസ്.ഐ. ആയിരുന്ന സുധീഷ് പ്രസാദിനെതിരായ അന്വേഷണറിപ്പോര്‍ട്ടിലാണ് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഡിവൈ.എസ്.പി.യുടെ റൈറ്ററായിരുന്ന മോഹന്‍ദാസ് തിരുത്തല്‍ വരുത്തിയത്. 2016-ലായിരുന്നു സംഭവം.

സര്‍വീസില്‍ ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ട എ.എസ്.ഐ. സുധീഷ് പ്രസാദിനെതിരേ വനിതാ സി.ഐ. പ്രത്യേക റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ഡിവൈ.എസ്.പി. അബ്ദുല്‍ഖാദറിന്റെ മേല്‍നോട്ടത്തില്‍ നിലമ്പൂര്‍ സി.ഐ. അന്വേഷണം നടത്തി. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഡിവൈ.എസ്.പി. അറിയാതെ മോഹന്‍ദാസ് തിരുത്തുകയായിരുന്നു. പിന്നീട് ഇത് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. സുധീഷിനെ പിന്നീട് സര്‍വീസില്‍നിന്ന് ഒഴിവാക്കി.

Signature-ad

റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. കൈയക്ഷരം ആരുടേതാണെന്ന് കണ്ടെത്താന്‍ തിരുത്തിയ റിപ്പോര്‍ട്ട് തൃശ്ശൂര്‍ പോലീസ് ഫൊറന്‍സിക് ലാബിലേക്കയച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈയക്ഷരം റൈറ്റര്‍ മോഹന്‍ദാസിന്റേതാണെന്ന് കണ്ടെത്തിയത്.

ഈ റിപ്പോര്‍ട്ട് ലഭിച്ചതിനുപിന്നാലെ തിരൂര്‍ ഗ്രേഡ് എസ്.ഐയായ മോഹന്‍ദാസിനെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.സി. ബാബുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ നിലമ്പൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. മോഹന്‍ദാസിനെതിരേ വകുപ്പുതല നടപടിയുണ്ടാകും. കോടതിയില്‍ ഹാജരാക്കിയ മോഹന്‍ദാസിന് ജാമ്യം ലഭിച്ചു.

Back to top button
error: