CrimeNEWS

മോദിയെയും യോ​ഗിയെയും പിന്തുണച്ചതിന് വിവാഹമോചനം തേടിയെന്ന് യുവതിയുടെ പരാതി; ഭർത്താവ് അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പിന്തുണച്ചതിന് പീഡിപ്പിക്കുകയും വിവാഹബന്ധത്തിൽ നിന്ന് പിന്മാറുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊറാദാബാദ് സ്വദേശിയായ നദീം എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

Signature-ad

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പിന്തുണച്ചതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാർച്ച് മൂന്നിനാണ് യുവതി പൊലീസിൽ പരാതിയുമായി എത്തിയത്. ഭർത്താവ് നേരത്തെ തന്നെ മുത്തലാഖ് ചൊല്ലി ഭാര്യയെ വിവാഹമോചനം ചെയ്തിരുന്നതായും അതിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.

ബിജെപിയെ പിന്തുണച്ചതിന് പിന്നാലെ വിവാഹമോചനത്തിന് വക്കീൽ നോട്ടീസ് അയച്ചു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭർതൃസഹോദരനും ഭർതൃ സഹോദരിയും ഉപദ്രവിക്കാൻ തുടങ്ങി. സംഭവം യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ മെൻഷൻ ചെയ്ത് യുവതി ട്വീറ്റ് ചെയ്തു. സ്ത്രീയുടെ പരാതിയിൽ നടപടിയെടുക്കണമെന്ന് ഹിന്ദുസംഘടന  മൊറാദാബാദ് പൊലീസിനോടാവശ്യപ്പെട്ടു.

”ഭർത്താവ് വിവാഹമോചനം  ആവശ്യപ്പെടുമ്പോഴെല്ലാം, യോഗി എന്റെ കൂടെയുണ്ടെന്ന് ഞാൻ പറയുമായിരുന്നു. ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. യോഗി ജിക്ക് മാത്രമാണ് ഞാൻ വോട്ട് ചെയ്തത്. ഇതിൽ എന്റെ അനിയത്തിക്ക് വല്ലാത്ത ദേഷ്യമായിരുന്നു. പിന്നീട് ഭർത്താവ് വിവാഹമോചനത്തിന് നോട്ടീസ് അയച്ചു. എനിക്ക് നീതി വേണം”- യുവതി പറഞ്ഞു.

ഐപിസി സെക്ഷൻ 376, 511 എന്നിവ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അഖിലേഷ് ഭദോറിയ പറഞ്ഞു. സന ഇറാം എന്ന സ്ത്രീയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2019 ഡിസംബർ ഏഴിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചതായി സിറ്റി എസ്‌പി അഖിലേഷ് ബദൗരിയ സ്ഥിരീകരിച്ചു. ഭർത്താവ് നദീമിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Back to top button
error: