IndiaNEWS

നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ചത് പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം.പി

നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ചത് പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം.പി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ തിരക്കു കുറയ്ക്കാനും കൂടുതൽ ട്രെയിൽ സർവ്വീസുകൾ ആരംഭിക്കാനും ഇത് ആവശ്യമാണെന്ന് രാജ്യസഭയിൽ ശൂന്യവേളയിലും ചോദ്യോത്തരവേളയിലും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാൻ രണ്ടു പദ്ധതികളാണ് വിഭാവനം ചെയ്തത് – നേമത്തെയും കൊച്ചുവേളിയിലെയും സാറ്റലൈറ്റ് ടെർമിനലുകൾ. ഇതിൽ കൊച്ചുവേളി പദ്ധതി ഭാഗികമായി നടപ്പായി. പക്ഷേ, നേമം പദ്ധതി ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്.

Signature-ad

തിരുവനന്തപുരം സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളുടെയും മറ്റും കുറവുമൂലം തിരക്ക് അനിയന്ത്രിതമാണ്. വടക്കുനിന്നു വരുന്ന ട്രെയിനുകൾ നേമത്തും തെക്കുനിന്നുള്ളവ കൊച്ചുവേളിയിലും ഉൾക്കൊണ്ട് പ്രശ്നം പരിഹരിക്കുന്നതായിരുന്നു പദ്ധതി.

നേമം പദ്ധതി 2011-12ൽ ബജറ്റിൽ ഉൾക്കൊള്ളിച്ചു. ഏറെക്കാലത്തെ നിശ്ചലാവസ്ഥയ്ക്കു ശേഷം 2018-19ൽ അംബ്രലാ വർക്കിൽ ഉൾപ്പെടുത്തി. പിന്നാലെ 2019 മാർച്ച് ഏഴിന് പദ്ധതിക്ക് റെയിൽവേ മന്ത്രി തറക്കല്ലിട്ടു. എന്നാൽ, പിന്നീട് ഒന്നും നടക്കാത്ത നിലയായി.

പദ്ധതി അനുമതിക്കു കാക്കുകയാണ് എന്ന വിവരമാണ് രണ്ടു തവണ ജെൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുത്തരമായി സഭയിൽ കേന്ദ്രം നൽകിയത്. വ്യക്തമായ ഉത്തരമല്ല ലഭിച്ചതെന്ന് രാജ്യസഭാധ്യക്ഷനോടു എംപി പരാതിപ്പെട്ടതിനെ തുടർന്നാണ് റെയിൽവേ മന്ത്രാലയം പദ്ധതി ഉപേക്ഷിച്ചതായി 2022 മെയ് 30ന് ഓഫീസ് മെമ്മോറാണ്ടത്തിലൂടെ രാജ്യസഭാ സെക്രട്ടറിയറ്റ് വഴി എംപിയെ അറിയിച്ചത്.

കേന്ദ്രമന്ത്രി തറക്കല്ലിട്ടിരിക്കേ പദ്ധതി ഉപേക്ഷിക്കുന്നത് അതിനു വിരുദ്ധമായ നടപടിയാണ്. കേരള സംസ്ഥാനത്തെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് ഏല്ക്കുന്ന വലിയ തിരിച്ചടികൂടിയാകും അത്. അതു കൊണ്ട് സർക്കാർ നിലപാടു പുനഃപരിശോധിക്കണം. നേമം പദ്ധതിക്ക് തറക്കല്ലിട്ട കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെയും ഇപ്പോഴത്തെ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ആത്മാർത്ഥതക്കും യശസ്സിനും നേർക്കുയർന്നിരിക്കുന്ന ചോദ്യചിഹ്നത്തിന് പരിഹാരം കാണണമെങ്കിൽ നേമം പദ്ധതി ഉപേക്ഷിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണം – ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. പദ്ധതിക്ക് തറക്കല്ലിട്ട പിയുഷ് ഗോയലിനെയും പദ്ധതി ഉപേക്ഷിച്ചതായി അറിയിച്ച അശ്വനി വൈഷ്ണവിനെയും ഇരുത്തിക്കൊണ്ടാണ് അവരുടെ കള്ളക്കളിയെക്കുറിച്ചുള്ള ചോദ്യം എം.പി. ഉന്നയിച്ചത്. എന്റെ മാന്യ മിത്രം എപ്പോഴും ഗൂഗ്ലി ചോദ്യങ്ങൾ മാത്രമാണ് പ്രയോഗിക്കാറ് എന്നായിരുന്നു പിയുഷ് ഗോയൽ എഴുന്നേറ്റു നിന്ന് പറഞ്ഞത്. റെയിൽവെ മന്ത്രി ഇതു സംബന്ധിച്ച് മറുപടി നൽകാതെ നിശബ്ദത പാലിക്കുകയാണ് ചെയ്തത്.

Back to top button
error: