IndiaNEWS

ബുള്‍ഡോസര്‍ ഉപയോഗിച്ച് മദ്രസ തകര്‍ത്തു; നടപടി ഭീകരവാദബന്ധം ആരോപിച്ച്

ഗുവാഹത്തി: അസമിലെ മൊയ്രാബാരിയിലെ മോറിഗാവില്‍ ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് മദ്‌റസ തകര്‍ത്തു. മദ്രസ നടത്തിയിരുന്ന മുഫ്തി മുസ്തഫയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ബംഗ്ലാദേശ് ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ അന്‍സറുല്ല ബംഗ്ലാ ടീമുമായും എക്യുഐഎസുമായും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. മുഫ്തി മുസ്തഫ എന്ന മുസ്തഫ 2017ല്‍ ഭോപ്പാലില്‍ നിന്ന് ഇസ്ലാമിക നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ആളാണ്.

ബുള്‍ഡോസര്‍ ഉപയോഗിച്ച് മദ്രസ തകര്‍ത്ത സംഭവം മോറിഗാവ് ജില്ലാ പൊലീസ് സൂപ്രണ്ട് അപര്‍ണ എന്‍ സ്ഥിരീകരിച്ചു. യുഎപിഎ നിയമപ്രകാരമാണ് മോറിഗാവില്‍ ജാമിഉല്‍ ഹുദാ മദ്രസ തകര്‍ത്തതെന്നും 43 വിദ്യാര്‍ത്ഥികള്‍ ഈ മദ്‌റസയില്‍ പഠിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഇപ്പോള്‍ വിവിധ സ്‌കൂളുകളില്‍ പ്രവേശനം നേടി.

Signature-ad

സംസ്ഥാനത്ത് ആദ്യമായാണ് ഒരു മദ്രസയില്‍ ഇത്തരമൊരു സംഭവമുണ്ടാകുന്നതെന്നും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഭീഷണി കണക്കിലെടുത്ത്, ഈ വിഷയത്തില്‍ എല്ലാവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് അസമില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ റെയ്ഡില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖ്വയ്ദയുടെ ഘടകമായ അന്‍സാറുല്‍ ഇസ്ലാമുമായി ബന്ധപ്പെട്ട പത്തോളം പേരെ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് കേന്ദ്രമായാണ് അന്‍സാറുല്‍ ഇസ്ലാം എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്.

ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വിവിധ സംസ്ഥാനങ്ങളിലായി 13 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ചിലരെ കസ്റ്റഡിയിലെടുത്തു.

 

Back to top button
error: