KeralaNEWS

‘മുഖ്യമന്ത്രിയുടെ ഓഫീസിൽ കത്ത് എത്തുന്നതിനു മുമ്പ് വിവരങ്ങൾ മാധ്യമങ്ങളിൽ വാർത്തയായി’ മന്ത്രി ജി.ആർ അനിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച മന്ത്രി ജിആർ അനിലിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യമന്ത്രിയുടെ കത്തിലെ വിവരങ്ങളെയാണ് മന്ത്രിസഭാ യോഗത്തിൽ പിണറായി വിജയൻ വിമർശിച്ചത്. മുഖ്യമന്ത്രിക്ക് അഭിപ്രായം രേഖപ്പെടുത്താനും എഴുതാനും മന്ത്രിമാർക്ക് അവകാശമുണ്ട്. എന്നാൽ, കത്ത് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയായില്ല.

കത്ത് ഓഫീസിലെത്തി തുറക്കുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങളിൽ വാർത്തകൾ വന്നുതുടങ്ങി. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കാണ്. ആലോചനയ്ക്ക് ശേഷമാണ് നിയമന കാര്യങ്ങളിൽ ചീഫ് സെക്രട്ടറി തീരുമാനമെടുക്കുന്നത്. ആദ്യമായി മന്ത്രിയായതിനാൽ അത് മനസ്സിലാക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

തന്നോട് ആവശ്യപ്പെടാതെയാണ് ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ പരാതിപ്പെട്ടു. മന്ത്രിയോട് അഭിപ്രായം ചോദിക്കാതെ നിയമിച്ച രീതി ശരിയായില്ല. നേരത്തെയും സി.പി.ഐ മന്ത്രിമാരുടെ വകുപ്പിൽ ഇത്തരത്തിൽ നിയമനം നടന്നിട്ടുണ്ടെന്നും ജി.ആർ അനിൽ പറഞ്ഞു. തുടർന്നാണ് മുഖ്യമന്ത്രി തന്റെ അതൃപ്തി പരസ്യമാക്കിയത്.

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാമിനെ നിയമിച്ചതിൽ അതൃപ്തി അറിയിച്ച് ജിആർ അനിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഓണക്കിറ്റ് വിതരണ നടപടികൾ പുരോഗമിക്കുമ്പോൾ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി ശരിയായില്ലെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിവാദത്തിലുള്ള ഉദ്യോഗസ്ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാമിനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്നും സപ്ലൈക്കോ ജനറൽ മാനേജറാക്കി മാറ്റിയത്.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലും നിയമനത്തിലും ചീഫ് സെക്രട്ടറി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന ആരോപണം മന്ത്രിമാർ മുൻപും ഉന്നയിച്ചിരുന്നു.

Back to top button
error: