KeralaNEWS

വ്ളോഗറും മോഡലുമായ റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണം, ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ

വ്ളോഗറും മോഡലുമായ മലയാളി റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസ് മൊയ്തുവിനെ അറസ്റ്റ് ചെയ്തു. പോക്സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസര്‍കോടുനിന്ന് മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും.

മാർച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്‍നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം തിടുക്കപ്പെട്ട് മറവ് ചെയ്യുകയായിരുന്നു. പിന്നീടുള്ള പെരുമാറ്റത്തിലും മറ്റും റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തോന്നിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെ കാക്കൂര്‍ പൊലീസ് മെഹ്നാസിനെതിരെ കേസെടുത്തു. തുടർന്ന് ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്മോര്‍ട്ടം നടത്തി. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ  വ്യക്തമാക്കി. എന്നാൽ മെഹ്‍‍നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

റിഫയും മെഹ്‍നാസും പരിചയപ്പെട്ടത് സാമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ്. വിവാഹിതരായ ഇരുവരും ജനുവരിയിലാണ് ദുബായിലെത്തിയത്. അവിടെ ഒരു പർദ്ദ കമ്പനിയിൽ റിഫയ്ക്ക് ജോലി ലഭിച്ചിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്‍നാസ്. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.

Back to top button
error: