ന്യൂയോര്‍ക്ക്: അയ്മാന്‍ അല്‍ സവാഹിരി വധത്തിനു പിന്നാലെ പിന്‍ഗാമി ആരാകുമെന്ന ചോദ്യം സജീവം. ഈജിപ്ഷ്യന്‍ സൈനിക ഓഫീസറായിരുന്ന സെയിഫ് അല്‍ അദല്‍ അല്‍ക്വയിദയുടെ പുതിയ മേധാവിയായി എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇയാള്‍ തലവനാകാന്‍ സാധ്യതയുണ്ടെന്നാണു വാഷിങ്ടണിലെ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട്.
അല്‍ ക്വയിദയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ആദല്‍, 1980-കളിലാണ് ഭീകരപ്രവര്‍ത്തനത്തിലേക്കു കടന്നത്. മക്തബ് അല്‍ ഖിദ്മത് എന്ന സംഘടനയായിരുന്നു ആദ്യ തട്ടകം. പിന്നീട് ഒസാമ ബിന്‍ ലാദന്റെ സുരക്ഷാത്തലവനായി.
യു.എസ്. നേതാക്കളെ വധിക്കാനും ദേശീയപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ തകര്‍ക്കാനും ഗൂഢാലോചന നടത്തിയതിന് 2001-ല്‍ അമേരിക്ക ഇയാളെ ”മോസ്റ്റ് വാണ്ടഡ്” പട്ടികയില്‍ ഉള്‍പ്പെടുത്തി. അദലിന്റെ തലയ്ക്കിട്ടിരിക്കുന്ന വില ഇപ്പോള്‍ ഒരു കോടി ഡോളറാക്കി ഉയര്‍ത്തിയിട്ടുണ്ട്.
സൊമാലിയയിലെ മൊഗാദിഷുവില്‍ അമേരിക്കന്‍ ഹെലിക്കോപ്റ്ററുകള്‍ പതിയിരുന്നാക്രമിക്കുന്നതിനു മേല്‍നോട്ടം വഹിച്ച അദലിനെ 1993 മുതല്‍ യു.എസ്. സേന തെരയുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 18 അമേരിക്കക്കാരുടെ മരണത്തിനിടയാക്കിയ കുപ്രസിദ്ധമായ സൊമാലിയന്‍ സംഭവം ”ബ്ലാക് ഹോക് ഡൗണ്‍” എന്നാണറിയപ്പെടുന്നത്.
ബിന്‍ ലാദന്റെ മരണത്തിനുശേഷം അല്‍ ഖ്വയിദയുടെ പ്രധാന തന്ത്രജ്ഞനായി അദല്‍ ഉയര്‍ത്തപ്പെട്ടുവെന്ന് പറയപ്പെടുന്നു. എങ്കിലും ഇയാളെ ഭീകരസംഘടനയുടെ തലവനാക്കുന്ന പ്രക്രിയ സങ്കീര്‍ണമായിരിക്കുമെന്നാണ് മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തല്‍. ബ്ലാക് ഹോക് ഡൗണ്‍ സംഭവത്തിനുശേഷം ഇറാന് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയാണ് അദല്‍. ഇയാള്‍ നല്കുന്ന നിര്‍ദേശങ്ങളുടെ വിശ്വാസ്യതയെ കൂട്ടാളികളായ ചിലര്‍ ചോദ്യം ചെയ്യുന്നതായും അഭ്യൂഹമുണ്ട്.