NEWSWorld

പാകിസ്താനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് കോര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ 6 സേനാ ഉന്നതര്‍ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് കോര്‍ കമാന്‍ഡര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ക്വറ്റ കോര്‍റിന്റെ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലി ഉള്‍പ്പെടെ ആറുപേരാണ് ദുരന്തത്തില്‍ മരിച്ചത്.

ബ്രിഗേഡിയര്‍ അംജദ് ഹനീഫ്, മേജര്‍ സെയ്ദ്, മേജര്‍ തല്‍ഹ, നായിക് മുദാസിര്‍ എന്നിവരാണ് അലിയോടൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്റര്‍ ബലൂചിസ്താനില്‍ തിങ്കളാഴ്ച രാത്രി തകര്‍ന്നുവീഴുകയായിരുന്നു.

Signature-ad

പ്രളയബാധിത മേഖലയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാദൗത്യത്തിന്റെ പുരോഗതി വിലയിരുത്താന്‍ പുറപ്പെട്ടതായിരുന്നു ജനറല്‍ സര്‍ഫ്രാസും സംഘവും. ലാസ്‌ബെല ജില്ലയിലെ ഹെലിപ്പാഡില്‍നിന്ന് പറന്നുയര്‍ന്നതിനു പിന്നാലെ ഹെലികോപ്റ്ററിന് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വിന്‍ദാറിനും സാസാ പന്നുവിനും ഇടയിലായി തകര്‍ന്നു വീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി. ബലൂച് വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാകാമെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രദേശത്ത് സേനാദൗത്യങ്ങള്‍ക്കു നേതൃത്വം നല്‍കുകയും തെക്കന്‍ അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി സംരക്ഷിക്കുകയും ചെയ്യുന്ന ഉയര്‍ന്ന റാങ്കിലുള്ള സൈനികനായിരുന്നു സര്‍ഫ്രാസ് അലി. അതുകൊണ്ടുതന്നെ വിമതര്‍ അദ്ദേഹത്തെ ലക്ഷ്യമിട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം.

 

Back to top button
error: