പത്തനംതിട്ട : വെള്ളപ്പൊക്ക സമയത്തെ ഒരു പ്രധാന കാഴ്ചയാണ് നദികളിൽ കൂടി ഒഴുകിവരുന്ന തടിപിടുത്തം.മഴക്കാലത്ത് മണ്ണിടിച്ചിലിലും മറ്റും കാട്ടിൽ നിന്ന് ധാരാളം തടികൾ ഒഴുകിയെത്താറുണ്ട്.നദികളിലെ അടിയൊഴുക്ക് പ്രവചനാതീതമാണ്.സാഹസികതയ്ക്ക് മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉ ത്തരവാദിത്ത്വം പുലർത്തുക.
അതേപോലെ മറ്റൊന്നാണ് മീൻപിടിത്തം.വെറുതെ ഒരു രസത്തിനോ ആഹാരത്തിനായോ കച്ചവടത്തിനായോ ഒക്കെ ഇറങ്ങിപ്പുറപ്പെടുന്നവരാണിവർ. നദികളിലെയായാലും മറ്റ് ജലാശയങ്ങളിലെ ആയാലും വെള്ളത്തിന്റെ അളവും ആഴവും പലപ്പോഴും നിങ്ങളുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരിക്കും.അതിലുപരിയാണ് മഴക്കാലത്ത് വന്നടിയുന്ന ചേറും മണലും.കഴിഞ്ഞ ദിവസം പത്തനംതിട്ട മല്ലപ്പള്ളിക്ക് സമീപം വെണ്ണിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേരാണ് മരിച്ചത്.കാർ തോട്ടിലെ ചെളിയിൽ പുതഞ്ഞുപോയത് കാരണം ഉയർത്താൻ വൈകിയതാണ് മൂന്നുപേരുടെയും ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്.നൂറുകണക്കിന് നാട്ടുകാർ ഇരുപത് മിനിറ്റോളം ശ്രമിച്ചിട്ടും നടക്കാതായതോടെ അവസാനം ക്രെയിൻ എത്തിച്ചാണ് കാർ ഉയർത്തിയത്.അപ്പോഴേക്കും കാറിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചിരുന്നു.
അടുത്തത് വെള്ളം കാണാനെത്തുന്നവരുടെ കൂട്ടമാണ്.ഒരിക്കലും വെള്ളം കണ്ടിട്ടില്ലാത്തവരെപ്പോലെയാണ് മഴക്കാലത്ത് നദികളുടെയും തോടുകളുടെയും കരയിൽ ജനം തടിച്ചുകൂടുന്നത്.കാലൊന്ന് തെറ്റിയാൽ തൊട്ടടുത്ത് കാലൻ കാത്തിരിക്കുന്നുണ്ടെന്ന് ഓർക്കുക.
അതേപോലെ മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലെ സന്ദർശനവും ഒഴിവാക്കേണ്ടതാണ്.കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ അഞ്ചു പേരാണ് ഒഴുക്കിൽപ്പെട്ടത്.ഇതിൽ മൂന്നു പേർ മരിക്കുകയും ചെയ്തു.സമാനമായ സംഭവം അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലും സംഭവിച്ചു.ഇവിടെ ഒരാളാണ് മരിച്ചത്.അപ്രതീക്ഷിതമായി ഒഴുക്കുവെള്ളത്തിന്റെ ശക്തി വർദ്ധിച്ചതായിരുന്നു കാരണം.
കാലവർഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്.പാടങ്ങളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണുള്ള അപകടങ്ങൾ പതിവാണ്.അതിനാൽ പാടങ്ങളിലും മറ്റും മീൻ പിടിക്കാനോ കന്നുകാലികളെ തീറ്റാനോ ഇറങ്ങാതിരിക്കുക.ഇത്തരത്തിൽ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണം.