വൈക്കം: ഭാര്യയെ ഭാരവാഹിത്വത്തില്‍നിന്ന് നീക്കിയതില്‍ പ്രകോപിതനായി ഓഫീസിന് തീവച്ച ഭര്‍ത്താവ് അറസ്റ്റില്‍. അക്കരപ്പാടം കെ.പി.എം.എസ്. 1369-ാം നമ്പര്‍ ശാഖായോഗ മന്ദിരത്തിനു തീവച്ച കേസില്‍ കരിയില്‍ പുത്തന്‍വീട്ടില്‍ എസ്. സുനില്‍ കുമാര്‍ (40) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വൈക്കം പോലീസിലെത്തി സുനില്‍ കുമാര്‍ കീഴടങ്ങുകയായിരുന്നു.
ജൂണ്‍ 22-ന് വൈകീട്ട് മൂന്നു മണിയോടെയാണ് സുനില്‍ കുമാര്‍ ശാഖ ഓഫീസിന് തീയിട്ടത്. കെ.പി.എം.എസ്. മഹിളാ ഫെഡറേഷന് വൈക്കം യൂണിയന് കമ്മിറ്റി അംഗമായിരുന്ന സുനിലിന്റെ ഭാര്യയെ തല്സ്്ഥാനത്തുനിന്നു മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
കെട്ടിട നിര്‍മാണത്തൊഴിലാളിയായ സുനില്‍ സ്വന്തം സ്കൂട്ടറില്‍ നിന്നും കുപ്പിയില്‍ പെട്രോള്‍ ഊറ്റിയെടുത്ത ശേഷം തീയിടുകയായിരുന്നു. തീപിടിത്തത്തില്‍ ഓഫീസില്‍ ഉണ്ടായിരുന്ന കസേരകള്‍, പടുത, പന്തല്‍ സാമഗ്രികള്‍ മേല്‍ക്കൂര ഷീറ്റ് തുടങ്ങിയവ പൂര്‍ണമായി കത്തിനശിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.