NEWS

അശോകൻ ആലപ്പുഴയുടെ പുരസ്കാരത്തിന് പത്തരമാറ്റാണ്

എല്ലാ ചെലവും കഴിഞ്ഞ് പ്രതിദിനം 1300 രൂപ ലഭിക്കുമായിരുന്ന സിനിമാരംഗത്തെ വസ്ത്രാലങ്കാര ജോലി കോവിഡ് കാലത്ത് ഇല്ലാതായതോടെ ദിവസം 900 രൂപ കിട്ടുന്ന പെയിന്റിങ് ജോലിക്ക് പോയാണ് അശോകന്‍ ആലപ്പുഴ ഇപ്പോൾ ജീവിക്കുന്നത്.
2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നടക്കുമ്പോൾ, മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടിയ പറവൂർ വട്ടയ്ക്കാട് വീട്ടിൽ അശോകൻ ഇതൊന്നും അറിയാതെ പുന്നപ്രയിലെ ഒരു വീട്ടിൽ പെയിന്റിംഗ് ജോലിയിലായിരുന്നു. വീട്ടിൽ മറന്നു വെച്ച മൊബൈൽ ഫോണിൽ അനുമോദനങ്ങളായി സന്ദേശങ്ങളും വിളികളും വന്നു നിറയുന്നത് അശോകൻ പക്ഷേ അറിഞ്ഞില്ല. മകൻ അനന്തകൃഷ്ണൻ വന്ന് വിവരം പറയുമ്പോ തൻ്റെ
25 വർഷത്തെ കഷ്ടപ്പാടിന് കിട്ടിയ പുരസ്കാരമെന്നോർത്ത് അയാളുടെ കണ്ണുകൾ നിറഞ്ഞു.

ആലപ്പുഴ പറവൂരിലെ നിത ടെയിലറിംഗ് ഷോപ്പിൽ നിന്ന്, അകാലത്തിൽ മരണപ്പെട്ട വസ്ത്രാലങ്കാരകൻ മനോജ് ആലപ്പുഴ വഴി സിനിമാരംഗത്തേക്ക് എത്തിയ അമ്പത്തിയെട്ടുകാരനായ അശോകൻ നൂറ്റിയെഴുപതിലധികം ചിത്രങ്ങളിൽ സഹവസ്ത്രാലങ്കാരവും ഏഴ് ചിത്രങ്ങളിൽ സ്വതന്ത്ര വസ്ത്രാലങ്കാരവും നിർവഹിച്ചിട്ടുണ്ട്.

Signature-ad

വയനാട്ടിലെ ആദിവാസി ജീവിതം ആസ്പദമാക്കി മനോജ് കാന സംവിധാനം ചെയ്ത ‘കെഞ്ചീര ‘എന്ന ചിത്രമാണ് അശോകനെ പുരസ്കാരത്തിന് അർഹനാക്കിയത്.ഈ സിനിമക്ക് വേണ്ടി, ഒരാഴ്ച മുമ്പ് ആദിവാസി ഊരിലെത്തി അവരുടെ പരമ്പരാഗത വസ്ത്രങ്ങൾ വാങ്ങി, അതിന്റെ ശൈലി പഠിച്ചാണ് വസ്ത്രങ്ങൾ തയ്യാറാക്കിയത്.

ഉഷയാണ് ഭാര്യ. മക്കൾ: അശ്വതി, അശ്വിൻ, അനന്തകൃഷ്ണൻ…. Saheer Mohammed എഴുതിയത് .

Back to top button
error: