IndiaNEWS

വാടക കാലാവധി കഴിഞ്ഞിട്ടും ഒഴിയാതെ വാടകക്കാരി, ഉടമയും കുടുംബവും സ്റ്റെയര്‍കേസില്‍ താമസമാക്കി; സംഭവം വാര്‍ത്തയായതോടെ ‘കാര്യത്തിന് നടപടിയായി’

വാടക കാലാവധി കഴിഞ്ഞിട്ടും വാടകക്കാരി വീട് ഒഴിഞ്ഞു കൊടുക്കാത്തതിനെത്തുടർന്ന് വീട്ടുടമയും വൃദ്ധമാതാപിതാക്കൾ അടങ്ങുന്ന കുടുംബവും നാലുദിവസം അന്തിയുറങ്ങിയത് ഫ്ലാറ്റിനോടു ചേർന്ന സ്റ്റെയർകേസിൽ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ഇക്കഴിഞ്ഞ മാർച്ചിലാണ് ഭാരത് പെട്രോളിയം കോർപ്പറേഷനിൽ ഉദ്യോഗസ്ഥനായിരുന്ന സുനിൽകുമാർ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. മുംബൈയിലെ ജീവിതം മതിയാക്കി ഇനിയുള്ള കാലം ഗ്രേറ്റർ നോയിഡയിലെ സ്വന്തം വീട്ടിൽ താമസമാക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് നോയിഡയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന വാടകക്കാരിയോട് ജൂൺ 10ന് വീട് ഒഴിയണമെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. അയച്ച മെസ്സേജിന് വീടൊഴിയാം എന്ന് മറുപടി നൽകിയിരുന്നെങ്കിലും പിന്നീട് ദിവസങ്ങളോളം വാടകക്കാരിയുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല എന്ന് സുനിൽകുമാർ പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം മകന് അസുഖമാണന്നും ജൂലൈ 19 ന് മാത്രമേ വീടൊഴിയാൻ സാധിക്കു എന്നും അവർ അറിയിക്കുകയും ചെയ്തു.

അതുപ്രകാരം ജൂലൈ 19നാണ് സുനിൽകുമാറും കുടുംബവും ഗ്രേറ്റർ നോയിഡയിൽ എത്തിയത്. എന്നാൽ ഫ്ലാറ്റിൽ എത്തിയപ്പോൾ വീടൊഴിയാൻ സാധിക്കില്ലെന്നായിരുന്നു വാടകക്കാരിയുടെ നിലപാട്. ചൂടുകാലമായതിനാൽ മറ്റൊരിടത്തേക്ക് താമസം മാറ്റുന്നത് എളുപ്പമല്ല എന്നതായിരുന്നു വാദം. 11 മാസത്തെ കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വാടകക്കാരി വീടൊഴിയും എന്ന പ്രതീക്ഷയിൽ കുടുംബം ബന്ധുവീടുകളിൽ തങ്ങി. വാടകക്കാരി വീട് വിട്ടിറങ്ങാൻ തയ്യാറല്ല എന്ന് മനസ്സിലായതോടെ പോലീസിന്റെ സഹായം തേടിയെങ്കിലും കോടതിവിധിയില്ലാതെ നടപടിയെടുക്കാനാവില്ല എന്നായിരുന്നു മറുപടി. മജിസ്ട്രേറ്റിനെ സമീപിച്ചെങ്കിലും നടപടികൾക്ക് കാലതാമസം എടുക്കുമെന്ന് മനസ്സിലാക്കിയതോടെ ഒടുവിൽ മറ്റു മാർഗ്ഗമില്ലാതെ അപ്പാർട്ട്മെന്റിന് സമീപത്തെ സ്റ്റെയർകേസിൽ തന്നെ തങ്ങാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. മുംബൈയിൽ നിന്നെത്തിച്ച വീട്ടുസാധനങ്ങളും സ്റ്റെയർകെയ്സിൽ തന്നെ സൂക്ഷിച്ചു.

Signature-ad

സംഭവം മാധ്യമശ്രദ്ധയിൽ പെട്ടതോടെയാണ് കാര്യങ്ങൾക്ക് തീരുമാനമായത്. വീട് ഒഴിയാമെന്ന് വാടകക്കാരിയുടെ സഹോദരൻ ഉറപ്പു കൊടുക്കുകയായിരുന്നു. സംഭവം വാർത്തയായി അടുത്ത ദിവസം തന്നെ സുനിൽകുമാറിനും കുടുംബത്തിനും വീട്ടിലേക്ക് കയറാൻ സാധിച്ചു. കടുത്ത മാർഗം സ്വീകരിച്ചില്ലെങ്കിൽ വീട് തിരികെ ലഭിക്കില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്റ്റെയർകേസിൽ കഴിയാൻ തീരുമാനിച്ചത് എന്ന് സുനിൽകുമാർ പറയുന്നു. മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നതോടെ ഇതേ പ്രദേശത്തുള്ള മറ്റൊരു കുടുംബവും വീടൊഴിയാൻ തയ്യാറാകാത്ത വാടകക്കാരെ ഒഴിപ്പിക്കുന്നതിനായി വീടിനുമുന്നിൽ താമസമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

Back to top button
error: