തിരുവനന്തപുരം∙ സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ അധിക സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ മെഡിക്കല്‍ കോളജുകളും പ്രത്യേക യോഗം ചേര്‍ന്ന് അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിട്ടുണ്ട്. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാര്‍ അറിയിച്ചു. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് ജില്ലകളുടെ അവലോകനം നടത്തി. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സജ്ജമായിരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അനാവശ്യമായി ജീവനക്കാര്‍ ഈ സമയത്ത് ലീവെടുക്കുന്നത് ഒഴിവാക്കണം. ക്യാംപുകളില്‍ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാര്‍പ്പിക്കണം. മറ്റു ഗുരുതര രോഗമുള്ളവരേയും കുട്ടികളേയും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ക്യാംപുകളിലും അത്യാവശ്യ പ്രതിരോധ സാമഗ്രികളും മരുന്നുകളും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിനും ഉറപ്പു വരുത്തണം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരും ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ഈ കാലയളവില്‍ പാമ്പുകടിയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. പ്രഥമശുശ്രൂഷയ്ക്കു ശേഷം അടിയന്തരമായി വൈദ്യസഹായം തേടേണ്ടതാണ്. ആശുപത്രികള്‍ ആന്റിവെനം കരുതിയിരിക്കണം. പകര്‍ച്ചവ്യാധി തടയുന്നതിന് കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പു വരുത്തണം. ആഹാരം തുറന്നു വയ്ക്കരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിനും പ്രാധാന്യം നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.