IndiaNEWS

ഇന്നു മുതൽ ജീവിതചെലവ് വർദ്ധിക്കും, ഗ്യാസ് വില കൂടിയേക്കും; ബാങ്കിംഗ് ഇടപാടുകള്‍ക്കു ചെലവേറും

   ഓഗസ്റ്റ് ഒന്ന് മുതല്‍ സുപ്രധാനമായ പല മാറ്റങ്ങളും സംഭവിക്കുന്നു. നമ്മുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളാണ് പലതും. അത് എന്തൊക്കെ മാറ്റങ്ങളാണ് എന്ന് അറിയാം.

1. ചെക്ക് പേയ്മെന്റ് നിയമങ്ങള്‍

Signature-ad

ചെക്ക് പേയ്മെന്റ് നിയമങ്ങള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ മാറും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ബാങ്കുകള്‍ ചെക്ക് പേയ്മെന്റ് നിയമങ്ങളില്‍ മാറ്റം വരുത്തുന്നത്. ആഗസ്റ്റ് 1 മുതല്‍ അഞ്ച് ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ള ചെക്ക് പേയ്മെന്റുകള്‍ക്ക് പോസിറ്റീവ് പേ സമ്പ്രദായം നടപ്പിലാക്കുമെന്ന് ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

ഇത് പ്രകാരം, ചെക്ക് നല്‍കുന്നയാള്‍ ചെക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എസ്.എം.എസ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി ബാങ്കിന് നല്‍കണം. അതിനുശേഷം മാത്രമേ ചെക്ക് ക്ലിയര്‍ ചെയ്യുകയുള്ളൂ. ബാങ്ക് ഒന്നിലധികം ചെക്കുകള്‍ നല്‍കിയാല്‍, അതിന്റെ നമ്പര്‍, പേയ്‌മെന്റ് തുക, പണം സ്വീകരിക്കുന്നയാളുടെ പേര് എന്നിവ ഉള്‍പ്പെടെ നിരവധി വിശദാംശങ്ങള്‍ ബാങ്കിന് നല്‍കണം.

പോസിറ്റീവ് പേ സ്ഥിരീകരണം നല്‍കാത്ത ചെക്കുകള്‍ ഇനി മുതല്‍ ബാങ്കുകള്‍ സ്വീകരിക്കില്ല. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ക്കാണ് പോസിറ്റീവ് പേ നിര്‍ബന്ധമാക്കുന്നത്.

എന്താണ് പോസിറ്റീവ് പേ എന്നറിയാം

ചെക്ക് ക്ലിയറിങ് സംവിധാനത്തിന്റെ ഭാഗമാണ് പോസിറ്റീവ് പേ. അക്കൗണ്ട് ഉടമയ്ക്ക് ചെക്ക് അനുവദിക്കുന്ന സമയത്ത് ബാങ്കിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്തി ചെക്ക് ഇടപാടുകള്‍ക്ക് അനുമതി നല്‍കുന്ന രീതിയാണിത്. അതായത് നിങ്ങള്‍ക്ക് ചെക്ക് ബുക്ക് നല്‍കുന്ന സമയത്ത് നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അപഗ്രഥിച്ചുകൊണ്ടായിരിക്കും നിങ്ങളുടെ ഓരോ ചെക്ക് ഇടപാടുകളും നടക്കുക. ഇനി മുതല്‍ ചെക്ക് നമ്പര്‍, ചെക്ക് തീയതി, പണമടയ്ക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പര്‍, തുക തുടങ്ങിയ ഇഷ്യൂ ചെയ്ത ചെക്കിന്റെ വിശദാംശങ്ങള്‍ ഗുണഭോക്താവിന് കൈമാറുന്നതിന് മുമ്പ് ചെക്കിന്റെ മുന്‍വശത്തും മറുവശത്തും എഴുതി കൊടുക്കണം. ബാങ്കുകള്‍ക്ക് പോസിറ്റീവ് പേ സംവിധാനം ഉപയോഗിച്ച് ചെക്കുകള്‍ വേഗത്തില്‍ ക്ലിയര്‍ ചെയ്യാന്‍ സാധിക്കും. കൂടാതെ ചെക്ക് വഴി നടത്തുന്ന തട്ടിപ്പുകള്‍ തടയാനും കഴിയും.

2. എല്‍.പി.ജി വില മാറിയേക്കാം

എല്ലാ മാസവും ഒന്നിന് എല്‍പിജി വില മാറുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തവണയും ഓഗസ്റ്റ് ഒന്നു മുതല്‍ ഗ്യാസ് സിലിന്‍ഡർ വിലയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ വാണിജ്യ ഗ്യാസ് സിലിന്‍ഡറിന് വില കുറഞ്ഞപ്പോള്‍ ഗാര്‍ഹിക ഗ്യാസ് സിലിന്‍ഡറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു.

3. ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള പിഴ

ആദായ നികുതി റിട്ടേണ്‍ സമര്‍പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഈ സമയപരിധി അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത നികുതിദായകര്‍ക്കുള്ളതാണ്. ഈ തീയതിക്കകം നിങ്ങള്‍ ഐ.ടി.ആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍, പിഴ അടയ്‌ക്കേണ്ടി വന്നേക്കാം. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍, 5000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍, 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.

4. ഐ.സി.ഐ.സി.ഐ ബാങ്ക് നിരക്കുകള്‍ പരിഷ്കരിക്കും

ഇന്‍ഡ്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ തങ്ങളുടെ ആഭ്യന്തര സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്കുള്ള പണമിടപാടുകള്‍, എ.ടി.എം ഇന്റര്‍ചേഞ്ച്, ചെക്ക് ബുക്ക് ചാര്‍ജുകള്‍ എന്നിവയുടെ പരിധികള്‍ പരിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ബാങ്കില്‍ സ്ഥിരമായി സേവിംഗ്സ് അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്ക് നാല് സൗജന്യ ഇടപാടുകള്‍ അനുവദിക്കും. സൗജന്യ പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 150 രൂപ ഈടാക്കും.

5. പി.എം കിസാന്‍ കെവൈസി

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ കെവൈസിക്കായി ജൂലൈ 31 വരെ സമയവും നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ കര്‍ഷകര്‍ക്ക് കെവൈസി ചെയ്യാന്‍ കഴിയില്ല. നേരത്തെ, ഇ-കെവൈസി നടത്താനുള്ള അവസാന തീയതി മെയ് 31 ആയിരുന്നു. കര്‍ഷകരുടെ സൗകര്യാര്‍ഥം ഇ-കെവൈസിയുടെ അവസാന തീയതി ജൂലൈ 31 വരെ നീട്ടി നല്‍കിയിരുന്നു.

Back to top button
error: