വിശാഖപട്ടണം : കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് വിശാഖപട്ടണത്തെ ആർ.കെ. ബീച്ചിൽനിന്ന് സായ് പ്രിയ എന്ന യുവതിയെ കാണാതായത്. യുവതി തിരയിൽപ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിൽ മൂന്നുദിവസത്തോളമാണ് കോസ്റ്റ്ഗാർഡും നാവികസേനയും ഉൾപ്പെടെയുള്ളവർ കടലിൽ തിരച്ചിൽ നടത്തിയത്.
തിരച്ചിൽ നടക്കുന്നതിനിടെ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് യുവതി മാതാപിതാക്കൾക്ക് സന്ദേശം അയക്കുകയായിരുന്നു. താൻ സുരക്ഷിതയാണെന്നും കാമുകനൊപ്പം ബെംഗളൂരുവിലുണ്ടെന്നുമായിരുന്നു യുവതിയുടെ സന്ദേശം. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കും വിരാമമായി.
മൂന്നുദിവസത്തോളം വിശാഖപട്ടണത്തെ ആശങ്കയിലാഴ്ത്തിയ തിരോധാനത്തിന് തിരശീല വീണതിന് പിന്നാലെ കാണാതായ യുവതി നഗരത്തിൽ തിരിച്ചെത്തി. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആർ.സായ് പ്രിയ(21)യാണ് കഴിഞ്ഞദിവസം കാമുകനൊപ്പം വിശാഖപട്ടണത്ത് തിരിച്ചെത്തിയത്.
ബംഗളൂരുവിലുണ്ടെന്ന വിവരം മാതാപിതാക്കളെ അറിയിച്ചതിന് പിന്നാലെയാണ് യുവതിയും കാമുകനും തിരികെവന്നത്.
ഹൈദരാബാദിലെ സ്വകാര്യ ഫാർമസി കമ്പനിയിൽ ജീവനക്കാരനായ ശ്രീനിവാസ റാവുവും സായ് പ്രിയയും 2020 ജൂലായ് 25-നാണ് വിവാഹിതരായത്. കഴിഞ്ഞ തിങ്കളാഴ്ച രണ്ടാം വിവാഹവാർഷികം ആഘോഷിക്കാനായാണ് ഇരുവരും ആർ.കെ. ബീച്ചിൽ എത്തിയത്. എന്നാൽ ബീച്ചിലെത്തി മിനിറ്റുകൾക്കുള്ളിൽ സായ് പ്രിയയെ കാണാതാവുകയായിരുന്നു.
ഭാര്യയ്ക്കൊപ്പം ബീച്ചിൽ സമയം ചിലവഴിക്കുന്നതിനിടെ ശ്രീനിവാസ റാവുവിന് മൊബൈലിൽ ഒരു ഫോൺകോൾ വന്നു. ഈ സമയം സായ് പ്രിയ ബീച്ചിൽ കടലിനോട് ചേർന്ന് നിൽക്കുകയായിരുന്നു. തുടർന്ന് അല്പസമയത്തിനകം ഫോൺവിളി കഴിഞ്ഞ് ശ്രീനിവാസ റാവു നോക്കിയപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നു. ഇതോടെ യുവാവ് ബീച്ചിലാകെ തിരഞ്ഞു. ബഹളംവെച്ചതോടെ മറ്റുള്ളവരും ഓടിക്കൂടി.
ഫോൺവരുന്നതിന് തൊട്ടുമുമ്പ് വരെ ഭർത്താവിന്റെ കണ്മുന്നിലുണ്ടായിരുന്ന യുവതിയെ എങ്ങനെ കാണാതായെന്നായിരുന്നു ഏവരുടെയും ചോദ്യം. മറ്റൊരു സാധ്യതയുമില്ലാത്തതിനാൽ യുവതി തിരയിൽപ്പെട്ടിരിക്കുമെന്നും എല്ലാവരും കരുതി. പോലീസും അധികൃതരും സ്ഥലത്തേക്ക് കുതിച്ചെത്തി. വൈകാതെ യുവതിക്കായി കടലിൽ തിരച്ചിലും ആരംഭിച്ചു.
മുങ്ങൽ വിദഗ്ധർ അടക്കമുള്ളവരാണ് ആദ്യഘട്ട തിരച്ചിലിൽ പങ്കെടുത്തത്. വൈകാതെ അധികൃതർ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായം തേടി. ഇതിനിടെ, യുവതിയെ കടലിൽ കാണാതായെന്ന വാർത്ത കാട്ടുതീ പോലെ പരന്നു.
രണ്ട് കപ്പലുകളാണ് യുവതിയെ കണ്ടെത്താനുള്ള തിരച്ചലിന് വേണ്ടി രംഗത്തിറങ്ങിയത്. ചേതക് ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കെടുത്തു. ഏകദേശം 72 മണിക്കൂറോളമാണ് യുവതിക്ക് വേണ്ടി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കടലിൽ തിരച്ചിൽ നടത്തിയത്. ഈ രക്ഷാദൗത്യത്തിനായി ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നതായാണ് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന്റെ റിപ്പോർട്ട്.