വിവാഹവാർഷികം ആഘോഷിക്കാൻ ഭർത്താവിനൊപ്പം ബീച്ചിൽ എത്തി കാണാതായ യുവതിക്കായി തിരച്ചിൽ നടത്തിയത് ഒരു കോടിയോളം രൂപ ചെലവിട്ട്. ഹെലികോപ്ടർ ഉപയോഗിച്ച് കടലിലും കരയിലും തിരച്ചിൽ നടത്തിയിട്ടും യുവതിയെ കണ്ടെത്താൻ സാധിച്ചില്ല. യുവതി എവിടെ പോയെന്നറിയാതെ വട്ടം ചുറ്റിയ പൊലീസിനെയും കോസ്റ്റ്ഗാർഡിനെയും തേടി എത്തിയതാവട്ടെ യുവതി കാമുകനൊപ്പം സുഖമായി കഴിയുന്നു എന്ന വാർത്ത.
ജൂലൈ 25നാണ് വിശാഖപട്ടണം സഞ്ജീവയ്യ നഗർ സ്വദേശിനി സായ് പ്രിയയെ ആർ.കെ ബീച്ചിൽ നിന്ന് കാണാതായത്. ഭർത്താവിന്റെ പരാതിയിൽ സായ് പ്രിയക്ക് വേണ്ടി ഒരു കോടിയോളം രൂപ ചെലവിട്ട് അധികൃതർ രണ്ട് ദിവസമായി വ്യാപക തെരച്ചിൽ നടത്തി. പൊലീസും കോസ്റ്റ്ഗാർഡും സംയുക്തമായി ബീച്ച് പരിസരത്തും കടലിലും ചേതക് ഹെലിക് കോപ്ടർ ഉപയോഗിച്ചായിരുന്നു തെരച്ചിൽ. എന്നാൽ രണ്ടു ദിവസമായിട്ടും സായ്പ്രിയയെ കണ്ടെത്താനായില്ല.
പിന്നീട് നെല്ലൂർ ജില്ലയിലെ കാവാലിയിൽ കാമുകനോടപ്പം യുവതിയെ കണ്ടത്തുകയായിരുന്നു. ഇവർ സുരക്ഷിതയാണെന്നും അധികൃതർ അറിയിച്ചു. ഭർത്താവ് ശ്രീനിവാസ റാവുവിനൊപ്പം തങ്ങളുടെ രണ്ടാം വിവാഹവാർഷികം ആഘോഷിക്കാനായി സിംഹാചലം ക്ഷേത്രത്തിൽ എത്തിയതായിരുന്നു ഇവർ. ക്ഷേത്ര ദർശനം നടത്തിയ ശേഷം ഇരുവരും വൈകീട്ട് ആർ.കെ ബീച്ചിലെത്തി. എന്നാൽ ഏഴ് മണിയോടെ സായ് പ്രിയയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർത്താവ് പൊലീസിൽ വിവരം അറിയിച്ചു.
പിന്നീട് നടന്ന അന്വേഷണത്തിലാണ് രവി എന്നയാളോടപ്പം യുവതി ബീച്ചിൽ നിന്ന് ഒളിച്ചോടിയതായി തെളിഞ്ഞത്.
നെല്ലൂർ ജില്ലയിൽ യുവതിയെ സുരക്ഷിതമായി കണ്ടെത്തിയെന്നും ഉടൻ വിശാഖപട്ടണത്ത് എത്തുമെന്നും അധികൃതർ അറിയിച്ചു.
“ആ സ്ത്രീ ഞങ്ങളെയെല്ലാവരെയും പറ്റിച്ചു. ഞങ്ങളുടെ സമയവും അധ്വാനവും പാഴാക്കി”
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജില്ലാ കലക്ടറുടെ അഭ്യർത്ഥന പ്രകാരമാണ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തെരച്ചിൽ ആരംഭിച്ചതെന്ന് നാവിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.