സംഗീതത്തിന്റെ വാനമ്പാടിക്ക് ഇന്ന് 59-ാം പിറന്നാള്‍. (1963, ജൂലൈ 27) കാലമെത്ര ചെന്നാലും മരണമില്ലാതെ മലയാളിയുടെ കാതില്‍ മുഴങ്ങുന്ന സ്വരമാധുരിയുടെ പേരാണ് കെഎസ് ചിത്ര. നാല് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച ആ സംഗീതയാത്രയുടെ ചാരുതയ്ക്ക് ഇന്നും കുറവൊന്നുമില്ല. പത്മഭൂഷൺ, പത്മശ്രീ തുടങ്ങി ആറു തവണ ദേശീയ പുരസ്കാരവും വിവിധ ഭാഷകളിലായി നിരവധി സംസ്ഥാന പുരസ്കാരങ്ങളും ആ മാധുര്യത്തിന് തെളിവ്.
1978 ലെ കലോത്സവ വേദിയില്‍ പ്രേക്ഷകമനം കവർന്ന ആ പെണ്‍കുട്ടി അന്നത്ത മുഖ്യമന്ത്രി സി അച്യുത മേനോന് ഉള്‍പ്പെടെയുള്ളവരുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു. തിരുവനന്തപുരത്തെ സംഗീത കുടുംബത്തില്‍ ജനിച്ച ചിത്രക്ക് അച്ഛന് കൃഷ്ണന് നായര്‍ ആയിരുന്നു ജീവിതത്തിലെ ആദ്യ വഴികാട്ടി.
സ്കൂള്‍ പഠനത്തിനു ശേഷം സംഗീതം തന്നെ ഉപരിപഠനത്തിനു തെരഞ്ഞെടുത്ത ചിത്ര, അധികം താമസിയാതെ സിനിമാ പിന്നണി ഗാനരംഗത്തേക്കും എത്തപ്പെട്ടു. താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച അട്ടഹാസം എന്ന ചിത്രത്തിലൂടെ എം.ജി രാധാകൃഷ്ണനാണ് ചിത്രയെ സിനിമയില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ഇളയരാജയിലൂടെയാണ് തമിഴിലേക്കുള്ള പ്രവേശനം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്.