കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മോഷ്ടിച്ച ആരോഗ്യവകുപ്പിന്റെ ജീപ്പ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉള്ളില്‍ രക്തക്കറയോടെ കോഴിക്കോട് കോവൂര്‍ ഇരിങ്ങാടന്‍ പള്ളി റോഡിലാണ് ജീപ്പ് കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. പൂട്ട് പൊളിക്കുന്നതിനിടെ കൈയില്‍ മുറിവുണ്ടായതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
മെഡിക്കല്‍ കോളേജ് ക്യാംപസിലെ ലക്ചറര്‍ തിയേറ്റര്‍ കോംപ്ലക്‌സില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പാണ് പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെ ഇരിങ്ങാടന്‍ പള്ളി റോഡിന് സമീപം ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ജീപ്പിന്റെ രണ്ട് ഡോറുകളിലെ ചില്ലുകള്‍ ഇളക്കി മാറ്റിയ നിലയിലാണ്. പൂട്ട് പൊളിച്ച നിലയിലാണുള്ളത്.
ജീപ്പിനകത്ത് രക്തക്കറയും കണ്ടെത്തി. തുടര്‍ച്ചയായി ജീപ്പിന്റെ ഹോണ്‍ ശബ്ദം കേട്ട നാട്ടുകാരാണ് ജീപ്പ് കണ്ടെത്തിയത്. ജീപ്പില്‍ നിന്നിറങ്ങി രണ്ടുപേര്‍ പോകുന്നതും നാട്ടുകാര്‍ കണ്ടിരുന്നു. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവരം അറിയിക്കുമ്പോഴാണ് ജീപ്പ് കവര്‍ച്ച നടത്തിയ വിവരം അധികൃതര്‍ അറിയുന്നത്.
മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ജീപ്പില്‍ രക്തക്കറ കണ്ടെത്തിയതോടെ ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.