NEWS

അതിവേഗ പാചകം, പ്രകൃതി സൗഹൃദം; അറിയാം അഗ്നിസഖി അടുപ്പുകളെ പറ്റി

വിറക്, ചിരട്ട, മാലിന്യങ്ങൾ, പെല്ലെറ്റ് എന്നിവയെല്ലാം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പുതുതലമുറ അടുപ്പുകളാണ് അഗ്നിസഖി.ഇതിന് പുകയോ മറ്റു മാലിന്യ പ്രശ്നങ്ങളോ ഇല്ല.
എന്താണ് അഗ്നിസഖി അടുപ്പുകൾ?
ഐഐഎസ്‌സി റിട്ടയേഡ് പ്രഫസർ എച്ച്.എസ്.മുകുന്ദയുടെ നേതൃത്വത്തിൽ 40 വർഷത്തോളമായി നടത്തുന്ന ഗവേഷണത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് അഗ്നിസഖി അടുപ്പുകൾ നിർമിച്ചിരിക്കുന്നത്. എൽപിജി സ്റ്റൗവിനോട് എല്ലാ തരത്തിലും കിട പിടിക്കുന്നതാണ് ഈ പുതുതലമുറ അടുപ്പുകൾ. ഇതിൽ ക്രമീകരിച്ചിരിക്കുന്ന രണ്ട് വായു വിതരണ സംവിധാനങ്ങൾ പൂർണ ജ്വലനം സാധ്യമാക്കുന്നതിനാലാണ് അതിവേഗ പാചകം നടക്കുന്നത്.
ആവശ്യമനുസരിച്ചു ചൂടു കൂട്ടാനും കുറയ്ക്കാനും കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്. ‘ഇജെക്ടർ’ എന്ന സാങ്കേതികവിദ്യയിലൂടെ ഒരു ന്യൂനമർദ മേഖല സൃഷ്ടിക്കുകയും ഇതു വിറകിനെ പൂർണ തോതിൽ കത്തുന്നതിനു സഹായിക്കുകയുമാണു ചെയ്യുന്നത്. ഈ പുതുതലമുറ അടുപ്പുകളുടെ മലിനീകരണ തോതു നാമമാത്രമാണ്. ഒന്നരക്കിലോ വിറകുകൊണ്ട് ഒരുനേരത്തെ പാചകം പുകയോ കരിയോ ഇല്ലാതെ സാധ്യമാക്കുന്ന തരത്തിൽ വികസിപ്പിച്ചെടുത്ത അടുപ്പുകളാണ് അഗ്നിസഖി.
ഹോട്ടലുകൾക്കും ഉപയോഗിക്കാം
ഉപയോക്താക്കളുടെ ആവശ്യാനുസരണം ചെറു കുടുംബങ്ങളിൽ തുടങ്ങി വ്യവസായ സ്ഥാപനങ്ങളിൽ വരെ ഉപയോഗിക്കാവുന്ന തരത്തിലാണ് അഗ്നിസഖി അടുപ്പുകളുടെ രൂപകൽപന. വീടുകളിലും ഹോട്ടലുകൾക്കും കേറ്ററിങ് യൂണിറ്റുകൾക്കും തട്ടുകടകൾക്കുമെല്ലാം ഇത് ഉപയോഗിക്കാനാകും.
ദോശ അടുപ്പ്, സ്റ്റീമർ, തന്തൂരി അടുപ്പ് തുടങ്ങിയവയെല്ലാം ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചിട്ടുണ്ട്. പാചകത്തിനല്ലാത്ത മറ്റ് ഹീറ്റിങ് ആവശ്യങ്ങൾക്കും ഇവ ഉപയോഗപ്പെടുത്താം. റൈസ് മില്ലുകൾക്കും റോസ്റ്ററുകൾക്കും ഡ്രയറുകൾക്കും അലുമിനിയം മെൽറ്റിങ്ങിനും ഈ സംവിധാനം പ്രയോജനപ്പെടുത്താം
എൽപിജിക്ക് 1070 രൂപ,  വിറകിന് 150 രൂപ
കേരളത്തിലെ ശരാശരി എൽപിജി ഉപയോഗം 45 ദിവസത്തിൽ ഒരു സിലിണ്ടർ എന്ന കണക്കിലാണ്. ഇത്രയും ഊർജം അഗ്നിസഖിയിലൂടെ ലഭിക്കാൻ വേണ്ടത് 55 കിലോഗ്രാം വിറകാണ്. ചിരട്ട, മറ്റ് ജൈവ ഉൽപന്നങ്ങൾ എന്നിവയും ഉപയോഗിക്കാം. പാചകവാതകത്തിന് 1100 രൂപയോളം ചിലവാകുന്നിടത്ത് അഗ്നിസഖി അടുപ്പിനു ചെലവാകുന്നിടത്ത് 150 രൂപയോ അതിൽ കുറവോ മാത്രം. എത്രപേർക്ക് പാചകം ചെയ്യുന്നു എന്നതിനനുസരിച്ചു ഈ അടുപ്പുകളുടെ ശേഷി കൂട്ടാനും കുറയ്ക്കാനും സാധിക്കും.
ഒരു മണിക്കൂറിൽ ഉപയോഗിക്കുന്ന വിറക്/ചിരട്ട എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയുടെ ശേഷി തീരുമാനിക്കുന്നത്. പാചകവാതക വിലവർധനയുടെ സമയത്ത് ജനങ്ങൾക്ക് ഏറെ ഉപയോഗപ്രദമാണ് ഈ അടുപ്പ്.

Back to top button
error: