NEWS

യുഎഇ വിളിക്കുന്നു; സ്പോൺസർ ആവശ്യമില്ല

അബുദാബി: വിസ നയത്തില്‍ പുതിയ പരിഷ്കാരങ്ങളുമായി യുഎഇ. വിദഗ്ധരായ പ്രൊഫഷണലുകള്‍ നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് അഞ്ച് വര്‍ഷ കാലാവധിയുടെ പുതിയ ‘ഗ്രീന്‍ വിസ’കളും പത്ത് വർഷ കാലാവധിയുടെ പുതിയ ‘ഗോൾഡൻ വിസകളും’ യുഎഇ പ്രഖ്യാപിച്ചു.
ഗ്രീൻ വിസ

യുഎഇയില്‍ ഒരു സ്പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ ഫ്രീലാന്‍സര്‍മാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും 5 വര്‍ഷത്തെ റെസിഡന്‍സി
വിസ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്‍താലും ആറ് മാസം കൂടി രാജ്യത്ത് തങ്ങാവുന്ന തരത്തില്‍ ഈ വിസകള്‍ക്ക് ഗ്രേസ് പീരിഡ് അനുവദിക്കുകയും ചെയ്യും.

വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സ്ഥാപിക്കുന്നതോ അതില്‍ പങ്കെടുക്കുന്നതോ ആയ നിക്ഷേപകര്‍ക്ക് 5 വര്‍ഷത്തെ വിസ അനുവദിക്കും. പ്രതിഭകള്‍, വിദഗ്ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവരും ഗ്രീന്‍ വിസയ്ക്ക് യോഗ്യതയുള്ളവരായിരിക്കും.

ഗോൾഡൻ വിസ

നിക്ഷേപകര്‍, സംരംഭകര്‍, അസാധാരണ പ്രതിഭകള്‍, ശാസ്ത്രജ്ഞര്‍, പ്രൊഫഷണലുകള്‍, മികച്ച വിദ്യാര്‍ത്ഥികള്‍, ബിരുദധാരികള്‍, സിനിമ താരങ്ങള്‍ തുടങ്ങിയവര്‍ക്കാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.

ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് കുടുംബാംഗങ്ങളെ സ്പോണ്‍സര്‍ ചെയ്യാൻ സാധിക്കും എന്ന് മാത്രമല്ല, വിസ  സാധുതയുള്ളതായി നിലനിര്‍ത്തുന്നതിന് യുഎഇക്ക് പുറത്ത് താമസിക്കുന്നതിന്റെ പരമാവധി കാലയളവുമായി ബന്ധപ്പെട്ട് യാതൊരു നിയന്ത്രണം ഉണ്ടായിരിക്കുന്നതുമല്ല.അതായത് ആറു മാസമോ, ആറു വർഷമോ യുഎഇയ്ക്ക് പുറത്ത് നിന്നാലും വിസ ക്യാൻസലാകില്ലെന്ന്.റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ക്ക് 2 മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത ഒരു പ്രോപ്പര്‍ട്ടി വാങ്ങുമ്ബോള്‍ സ്വാഭാവികമായും ഗോള്‍ഡന്‍ വിസയ്ക്കുള്ള യോഗ്യതയുണ്ടാവും.

എൻട്രി വിസ

ആദ്യമായി ഒരു ഹോസ്റ്റോ സ്പോണ്‍സറോ ആവശ്യമില്ലാത്ത പുതിയ തരം വിസകളും യുഎഇ അവതരിപ്പിക്കുന്നുണ്ട്.എന്‍ട്രി വിസകളെന്നാണ് ഇത് അറിയപ്പെടുക. എല്ലാ എന്‍ട്രി വിസകളും സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിക്ക് യോഗത്യയുള്ളതായിരിക്കും. സമാനമായ കാലയളവിലേക്ക് ഇവ പുതുക്കാനും കഴിയും. ഇഷ്യൂ ചെയ്ത തീയതി മുതല്‍ 60 ദിവസത്തേക്കായിരിക്കും ഇതിന്റെ സാധുത.

ജോബ് എക്സ്പ്ലോറേഷന്‍ എന്‍ട്രി വിസ

സ്പോണ്‍സറോ ഹോസ്റ്റോ ആവശ്യമില്ലത്ത മറ്റൊരു വിസയാണ് ജോബ് എക്സ്പ്ലോറേഷന്‍ എന്‍ട്രി വിസ. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ നൈപുണ്യ തലത്തില്‍ തരംതിരിച്ചവര്‍ക്കാണ് ഇത് അനുവദിച്ചിരിക്കുന്നത്. ഈ വിസക്ക് അപേക്ഷിക്കുന്നവരുടെ കുറഞ്ഞ വിദ്യാഭ്യാസ നിലവാരം ഒരു ബാച്ചിലേഴ്സ് ബിരുദമോ അതിന് തുല്യമോ ആയിരിക്കണം.

ബിസിനസ് എന്‍ട്രി വിസ

യുഎഇയിലെ ബിസിനസ്, നിക്ഷേപ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിന് നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിന് സ്പോണ്‍സറോ ഹോസ്റ്റോ ആവശ്യമില്ലാതെയുള്ള പ്രവേശനം ബിസിനസ് എന്‍ട്രി വിസ ഉറപ്പ് വരുത്തുന്നു

ടൂറിസ്റ്റ് വിസ

5 വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിനും ഒരു സ്പോണ്‍സറുടെ ആവശ്യമില്ല. എന്നാല്‍ 4,000 ഡോളര്‍ അല്ലെങ്കില്‍ അതിന് തുല്യമായ ബാങ്ക് ബാലന്‍സ് ഉണ്ടെന്നതിന്റെ രേഖകള്‍ ആവശ്യമാണ്.

 

 

 

ലോകമെമ്ബാടുമുള്ള പ്രതിഭകളെയും വിദഗ്ധ തൊഴിലാളികളെയും ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും, തൊഴില്‍ വിപണിയുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പുതിയ നയത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: