ഗൂഗിള്‍ മീറ്റില്‍ ഇനി ബ്രേക്കൗട്ട് റൂം ഫീച്ചര്‍
കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ വിദ്യാര്‍ത്ഥികളുടെ ക്ലാസ്സുകള്‍ ഇപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്. അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ഗൂഗിള്‍ മീറ്റില്‍ പുതിയ ഒരു ഫീച്ചറുമായി എത്തിയിരിക്കുകയാണ് അധികൃതര്‍. ബ്രേക്കൗട്ട് റൂം ഫീച്ചര്‍ എന്ന സംവിധാനാണ് പുതിയതായി ചേര്‍ത്തിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ജിസ്യൂട്ടിലാണ് ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാക്കിയിരിക്കുന്നത്.
ഈ പുതിയ സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ ക്ലാസിനിടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കുന്നു. സുഗമമായും തടസമില്ലാതെയും ക്ലാസെടുക്കാന്‍ ഇത് അധ്യാപകരെ സഹായിക്കും. ക്ലാസ് മുറികളില്‍ ഗ്രൂപ്പുകളാക്കി തിരിക്കുന്നത് പോലെ പ്രൊജക്ടുകള്‍ ചെയ്യിപ്പിക്കുന്നതിനായി കുട്ടികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാന്‍ ഈ സംവിധാനം അധ്യാപകരെ സഹായിക്കും. ഒരു വീഡിയോ കോളില്‍ 100 ഗ്രൂപ്പുകള്‍ വരെ ഉണ്ടാക്കാന്‍ സാധിക്കും.
വീഡിയോകോള്‍ മോഡറേറ്റര്‍മാര്‍ക്ക് എല്ലാ ബ്രേക്കൗട്ട് ഗ്രൂപ്പുകളിലും ഇടപെടാന്‍ സാധിക്കും. അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പുകള്‍ അനുവദിക്കുന്നതില്‍ പൂര്‍ണ നിയന്ത്രണമുണ്ടാവും. ഗൂഗിള്‍ മീറ്റിന്റെ വെബ് പതിപ്പില്‍ മാത്രമാണ് ബ്രേക്ക് ഔട്ട് ഗ്രൂപ്പുകള്‍ തിരിക്കാനുള്ള സൗകര്യം ലഭിക്കുക.