FoodLIFENEWSWorld

സൂര്യപ്രകാശം പുരുഷന്മാരില്‍ വിശപ്പ് വര്‍ധിപ്പിക്കും; കണ്ടെത്തലുമായി ശാസ്ത്രലോകം

ടെല്‍ അവീവ്: സൂര്യപ്രകാശത്തെ സംബന്ധിച്ച് പുതിയൊരറിവുമായി ശാസ്ത്രലോകം. ഉഷ്ണമുളവാക്കുന്നതോടൊപ്പം പുരുഷന്‍മാരില്‍ വിശപ്പ് വര്‍ധിപ്പിക്കുന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കാനും സൂര്യരശ്മികള്‍ക്ക് സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. എന്നാല്‍ പുരുഷന്‍മാരില്‍ മാത്രമാണ് സൂര്യപ്രകാശത്തിന്റെ ഈ സ്വാധീനമുളവാകുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യപ്രകാശത്തിന്റെ സ്വാധീനത്തെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നല്‍കിയ ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ ഡിപാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമന്‍ ജെനിറ്റിക്സ് ആന്‍ഡ് ബയോകെമിസ്ട്രിയിലെ ഗവേഷകസംഘമാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ഉളവാക്കാന്‍ സാധിക്കുന്ന പ്രത്യേകമാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകസംഘം ഊന്നല്‍ നല്‍കിയിരുന്നത്. സൂര്യരശ്മികള്‍ക്ക് പുരുഷന്‍മാരില്‍ ശാരീരികശാസ്ത്രപരമായി സങ്കീര്‍ണമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് അവര്‍ കണ്ടെത്തി.

Signature-ad

ഭക്ഷണം തിരഞ്ഞെടുക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിന്റെ അളവിലും സൂര്യപ്രകാശത്തിന് നിര്‍ണായകസ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് നേച്ചര്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ സ്ത്രീകളില്‍ ഈ സ്വാധീനം ഉണ്ടാകുന്നില്ലെന്നും പഠനം പറയുന്നു. ആരോഗ്യം, പെരുമാറ്റം എന്നീ വിഷയങ്ങളില്‍ ലിംഗവ്യത്യാസം നിര്‍ണായകഘടകമാണെന്നും സംഘം വിശദീകരിച്ചു.

എലികളില്‍ നടത്തിയ പഠനത്തില്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ഭക്ഷണം തേടുന്നതിലും കഴിക്കുന്നതിലും ശരീരഭാരം വര്‍ധിപ്പിക്കുന്നതിലും വര്‍ധനവുണ്ടാക്കാന്‍ സാധിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. എലികളിലും മനുഷ്യരിലും ആണ്‍ജീവികളിലെ ഗ്രെലിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം വര്‍ധിക്കുന്നതിന് അള്‍ട്രാവയലറ്റ് കാരണമാകുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ആമാശയത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണാണ് ഗ്രെലിന്‍. മൂന്ന് വര്‍ഷത്തിനിടെ 3000 പേരില്‍ നടത്തിയ പരിശോധനയില്‍ വേനല്‍ക്കാലത്ത് പുരുഷന്‍മാരുടെ ഭക്ഷണത്തിന്റെ അളവില്‍ 300 കലോറി വര്‍ധനവ് കണ്ടെത്താന്‍ പഠനത്തിന് സാധിച്ചു.

സൂര്യപ്രകാശം കൂടുതലായി ഏല്‍ക്കുന്നതുമൂലം ത്വക്കിലെ കോശങ്ങളിലെ ഡിഎന്‍എയ്ക്ക് തകരാറ് സംഭവിക്കുന്നതിനെ തുടര്‍ന്നാണ് ഗ്രെലിന്റെ ഉത്പാദനം വര്‍ധിക്കുന്നതെന്നാണ് നിഗമനം. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ സാന്നിധ്യം ഇത് തടയുന്നു. സംഗീതം, പ്രകാശം, വാസന എന്നിവ ഗ്രെലിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ത്വക്കാണ് ഇവിടെ പ്രധാന മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നത്. ഹോര്‍മോണ്‍ സംബന്ധിയായ രോഗങ്ങളുടെ നിര്‍ണയത്തിലും ചികിത്സയിലും ഇത്തരം ലിംഗപരമായ വ്യതിയാനങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുവഹിക്കാനാവുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

അള്‍ട്രാവയലറ്റ് രശ്മികള്‍ ഉള്‍പ്പെടെയുള്ള പാരിസ്ഥിതികഘടകങ്ങളോട് സ്ത്രീകളും പുരുഷന്‍മാരും വ്യത്യസ്തമായാണോ പ്രതികരിക്കുന്നത് എന്ന വിഷയത്തില്‍ കൃത്യമായ വിശദീകരണം കണ്ടെത്താനുള്ള പഠനം സംഘം തുടരുകയാണ്.

Back to top button
error: