KeralaNEWS

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ഇനി ജനങ്ങള്‍ക്കും നേരിട്ട് വിലയിരുത്താം; ‘തൊട്ടറിയാം പി.ഡബ്ലു.ഡി.’ സംവിധാനം തയാര്‍

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ഇനി ജനങ്ങള്‍ക്കും നേരിട്ട് വിലയിരുത്താമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ‘തൊട്ടറിയാം പി.ഡബ്ലു.ഡി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കുക.

ടെക്‌നോളജിയുടെ ഉപയോഗത്തിലൂടെ പ്രവൃത്തികള്‍ വേഗത്തിലും സുതാര്യമായും നടപ്പിലാക്കാനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സംവിധാനം. ജനങ്ങള്‍ക്ക് അവരുടെ നാട്ടിലെ പ്രവൃത്തികള്‍ വിലയിരുത്താനും പരാതികള്‍ പറയാനും, എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏത് സമയത്തും ലോകത്തിന്റെ ഏത് കോണിലിരുന്നും പരിശോധിക്കാനും ഇതുവഴി സാധിക്കും.

മന്ത്രി ഓഫീസില്‍ നിന്നും ഈ സോഫ്റ്റ്വെയര്‍ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും പരിശോധിക്കാനും പരാതികള്‍ പരിഹരിക്കാന്‍ ഇടപെടുവാനും കഴിയുമെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരില്‍ അലസന്മാരും തെറ്റായ പ്രവണതകളുള്ളവരുമുണ്ട്. അവയൊക്കെ വേഗത്തില്‍ നേരിട്ട് കണ്ടെത്തി തിരുത്താന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തന രീതി സംബന്ധിച്ച് നിയമസഭയില്‍ എംഎല്‍എമാര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചിരുന്നു. വകുപ്പിന് ഒന്നും മറച്ചുവെക്കാനില്ല. എല്ലാം എല്ലാവരും അറിയണം. പോരായ്മകള്‍ ചൂണ്ടികാട്ടണം. തിരുത്തേണ്ടത് തിരുത്തും. സുതാര്യത വര്‍ദ്ധിപ്പിക്കുന്നത് വകുപ്പിനെ ജനങ്ങളുടെ പിന്തുണയാല്‍ കൂടുതല്‍ പുരോഗതിയില്‍ എത്തിക്കുമെന്നും മന്ത്രി പുതിയ സംവിധാനത്തെ പരിചയപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങിനെ….

 

എംഎല്‍എമാര്‍ തൊട്ടറിഞ്ഞു..

ഇനി ജനങ്ങളിലേക്ക് ‘തൊട്ടറിയാം PWD’

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ‘തൊട്ടറിയാം PWD’.

നിയമസഭയില്‍ വെച്ച് എംഎല്‍എമാര്‍ക്കായി ഇതിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. തൊട്ടറിയാം PWD എന്താണെന്നും എങ്ങനെയൊക്കെ ഇതിന്റെ ഉപയോഗം ഗുണകരമാകും എന്നും വിശദമായി തന്നെ ജനപ്രതിനിധികള്‍ക്ക് ക്ലാസിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. സംശയങ്ങള്‍ ചോദിച്ചും നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചും ഭൂരിപക്ഷം എംഎല്‍എമാരും ക്ലാസില്‍ പങ്കുകൊണ്ടു.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ കൂടുതല്‍ സുതാര്യമാക്കുന്ന ‘തൊട്ടറിയാം PWD’ എന്ന പുതിയ സംവിധാനത്തെ ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ എംഎല്‍എമാരും സ്വാഗതം ചെയ്തതിന് പ്രത്യേക നന്ദി.

ടെക്‌നോളജിയുടെ ഉപയോഗത്തിലൂടെ പ്രവൃത്തികള്‍ വേഗത്തിലും സുതാര്യമായും നടപ്പിലാക്കാനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സംവിധാനം. ജനങ്ങള്‍ക്ക് അവരുടെ നാട്ടിലെ പ്രവൃത്തികള്‍ വിലയിരുത്താനും പരാതികള്‍ പറയാനും, എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏത് സമയത്തും ലോകത്തിന്റെ ഏത് കോണിലിരുന്നും പരിശോധിക്കാനും സാധിക്കും. മന്ത്രി ഓഫീസില്‍ നിന്നും ഈ സോഫ്റ്റ്വെയര്‍ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും പരിശോധിക്കാനും പരാതികള്‍ പരിഹരിക്കാന്‍ ഇടപെടുവാനും കഴിയും.

ഉദ്യോഗസ്ഥരില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരാണ് ഭൂരിപക്ഷവും.എന്നാല്‍ അലസന്മാരും,തെറ്റായ പ്രവണതകളുള്ളവരുമുണ്ട്.അവയൊക്കെ വേഗത്തില്‍ നേരിട്ട് കണ്ടെത്തി തിരുത്തുവാനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ വകുപ്പിന്റെ പ്രവൃത്തികള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.

‘ജനങ്ങള്‍ കാഴ്ച്ചക്കാരല്ല,കാവല്‍ക്കാരാണ്’

ഈ കാഴ്ച്ചപ്പാട് തുടക്കത്തില്‍ തന്നെ സമൂഹവുമായി പങ്ക് വെച്ചിരുന്നു.

വകുപ്പിനെ തൊട്ട് കൊണ്ട് വിമര്‍ശിക്കുവാന്‍ ‘തൊട്ടറിയാം PWD’ നിങ്ങളെ സഹായിക്കുമെന്ന് MLAമാരോട് പരിപാടിയില്‍ ഞാന്‍ തമാശക്കാണെങ്കിലും സൂചിപ്പിച്ചിരുന്നു.

പറഞ്ഞത് തമാശക്കാണെങ്കിലും അത് വസ്തുതയാണെന്ന് നന്നായി അറിയാം.

വകുപ്പുമായി ബന്ധപ്പെട്ട ഒരു ചെറിയ കാര്യം പോലും ഇതിലൂടെ എല്ലാവരും അറിയും.

ചെറിയ പോരായ്മ പോലും ഇതിലൂടെ

ചൂണ്ടികാട്ടാനാകും.

അതില്‍ തെല്ലും പ്രയാസമില്ല,

വകുപ്പിന് ഒന്നും മറച്ചുവെക്കാനില്ല.

എല്ലാം എല്ലാവരും അറിയണം.

പോരായ്മകള്‍ ചൂണ്ടികാട്ടണം.

തിരുത്തേണ്ടത് തിരുത്തും.

സുതാര്യത വര്‍ദ്ധിപ്പിക്കുന്നത് വകുപ്പിനെ ജനങ്ങളുടെ പിന്തുണയാല്‍ കൂടുതല്‍ പുരോഗതിയില്‍ എത്തിക്കും.

‘തൊട്ടറിയാം PWD’

എന്ന പുതിയ സംവിധാനത്തെ ജനങ്ങളും ജനപ്രതിനിധികളും കാര്യക്ഷമമായി ഉപയോഗിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: