കൊല്‍ക്കത്ത: 2024-ല്‍ നടക്കുന്നത് ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്തുചാടിക്കുന്ന തിരസ്കരണത്തിന്റെ തെരഞ്ഞെടുപ്പ് ആയിരിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിന്റെ രക്തസാക്ഷി ദിന റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ബിജെപിയുടെ ചങ്ങലകളും അവരുടെ കഴിവില്ലായ്മയും തകർത്ത് ഒരു ജനപക്ഷ സർക്കാർ സ്ഥാപിക്കണമെന്നും മമത ആഹ്വാനം ചെയ്തു.
2024-ൽ ബിജെപിക്ക് ലോക്സഭയിൽ ഭൂരിപക്ഷം ലഭിക്കില്ല. ബിജെപി ഹിന്ദു കാർഡും മുസ്ലീം കാർഡുംആദിവാസി കാർഡും കളിക്കുന്നു. എന്നാൽ അവർ ആദിവാസികൾക്ക് അവരുടെ അവകാശങ്ങൾ നൽകില്ല. ബിജെപിക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. വറുത്ത അരിക്ക് പോലും ജിഎസ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നു. മധുരപലഹാരത്തിനും സംഭാരത്തിനും തൈരിനും ജിഎസ്ടിയാണ്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അതിനുപോലും ജിഎസ്ടി ചുമത്തിയേക്കാമെന്നും അവർ പറഞ്ഞു. മഹാരാഷ്ട്രയിലെ ശിവസേനയിലെ വിമതരെ കൂട്ടുപിടിച്ച് ബിജെപി അധികാരത്തിലേറിയതിനെയും മമതാ ബാനർജി വിമർശിച്ചു.
മുംബൈയെ തകര്‍ത്തെന്നാണ് ബിജെപി കരുതുന്നത്. ഛത്തീസ്ഗഢിനേയും ബംഗാളിനേയും തകര്‍ക്കാനാവുമെന്നും അവര്‍ കരുതുന്നു. ബംഗാളിലേക്ക് വരേണ്ടെന്നും ഇവിടെ ബംഗാള്‍ കടുവകളുണ്ടെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും മമത ബാനർജി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് അര്‍ഹതപ്പെട്ട ഫണ്ട് ലഭിക്കുന്നില്ലെങ്കിൽ ദില്ലിയിലേക്ക് വരും. ഇഡിയേയും സിബിഐയെയും ഉപയോഗിച്ച് പേടിപ്പിക്കാമെന്ന് ധരിക്കേണ്ടെന്നും ഞങ്ങള്‍ ഭീരുക്കളല്ലെന്നും മമത പറഞ്ഞു.