ദില്ലി: ഒരു സംസ്ഥാനത്തെ ഭൂരിപക്ഷമായ സമുദായത്തിന് ദേശീയ കണക്കുകളുടെ പേരില്‍ മാത്രം ന്യൂനപക്ഷങ്ങളുടെ അവകാശം നല്കാന് കഴിയില്ലെന്നും മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ നിര്‍ണ്ണയം സംസ്ഥാന അടിസ്ഥാനത്തിലായിരിക്കണമെന്നും നിര്‍ണായക നിരീക്ഷണം നടത്തി സുപ്രീംകോടതി. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ചില സംസ്ഥാനങ്ങളില്‍ അവരെ ന്യൂനപക്ഷമായി കണക്കാക്കണം എന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
മേഘാലയ, മിസോറാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ലഡാക്ക് ജമ്മുകശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത്രയും സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമായിട്ടും ദേശീയ പട്ടികയില്‍ ഹിന്ദുക്കളെ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ഹര്‍ജിയിലുണ്ട്. ഇക്കാര്യത്തില്‍ കണക്കുകള്‍ നല്കാന് ഹര്‍ജിക്കാരോട് കോടതി നിര്‍ദ്ദേശിച്ചു.
നാഗാലാന്‍ഡിലും മിസോറാമിലും ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണ് ഭൂരിപക്ഷം. അതുകൊണ്ട് ഈ സംസ്ഥാനങ്ങളിലെ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു. പഞ്ചാബില്‍ സിഖ് വിഭാഗം ന്യൂനപക്ഷ അവകാശം വേണമെന്ന് വാദിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു. എത്ര ശതമാനം വരെ ജനസംഖ്യ ഉണ്ടെങ്കില്‍ ന്യൂനപക്ഷമായി കണക്കാക്കാം എന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ കേസില്‍ ഉയര്‍ന്നു വരാനാണ് സാധ്യത.