കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ വഴികൾ ആരും അധികം പരീക്ഷിക്കാറില്ല. എത്താനുള്ള തിടുക്കവും കുറഞ്ഞ യാത്ര സമയവും നോക്കുമ്പോൾ മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത് കൊച്ചി- പാലക്കാട്–അവിനാശി-കൃഷ്ണഗിരി- ഹൊസൂർ വഴി ബാംഗ്ലൂരിലെത്തുന്നതാണ്.വെറും 10 മണിക്കൂർ കൊണ്ട് 558 കിലോമീറ്റർ ദൂരം പിന്നിടാം എന്നതാണ് ഇതിന്റെ പ്രത്യേകത
പരമാവധി സ്ഥലങ്ങൾ ഈ യാത്രയിൽ കാണുകയാണ് ഉദ്ദേശമെന്നതിനാൽ സേലത്ത് നിന്ന് വണ്ടി തിരിക്കേണ്ടിവരും.നാലു വശവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം മാംഗോ സിറ്റി എന്നാണ് അറിയപ്പെടുന്നത്.യേർക്കാട്, കിളിയൂർ വെള്ളച്ചാട്ടം, മേട്ടൂർ അണക്കെട്ട്, കോട്ടൈ മാരിയമ്മന്‍ ക്ഷേത്രം, താരമംഗലം ക്ഷേത്രം, സേലം സുഗവനേശ്വര്‍ ക്ഷേത്രം, അരുള്‍മിഗി അളഗിരിനാഥര്‍ ക്ഷേത്രം, എള്ളൈ പെടാരി അമ്മന്‍ ക്ഷേത്രം, തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. അവിനാശിയിൽ നിന്നും സേലത്തേയ്ക്ക് 125 കിലോമീറ്ററാണ് ദൂരം.
തമിഴ്നാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് കൃഷ്ണഗിരി.സേലത്തു നിന്നും കൃഷ്ണഗിരിയിലേക്ക് ധർമ്മപുരി വഴി 113 കിലോമീറ്ററാണ് ദൂരം. കൃഷ്ണഗിരി കോട്ട, കൃഷ്ണഗിരി അണക്കെട്ട്, താലി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങൾ.
കൃഷ്ണഗിരിയിൽ നിന്നും അടുത്തയായി എത്തിച്ചേരുന്ന സ്ഥലം ഹൊസൂരാണ്. ലിറ്റിൽ ഇംഗ്ലണ്ട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ബാംഗ്ലൂരിൽ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഹൊസൂർ കൃഷ്ണഗിരി ജില്ലയുടെ ഭാഗമാണ്. പൂ കൃഷിയ്ക്ക് പേരുകേട്ട ഇടം കൂടിയാണ് ഹൊസൂർ. ഹൊസൂരില്‍ താജ്മഹൽ എന്നു പേരായ ഒരിനം റോസാ പൂവാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഇവിടുത്തെ ടാന്‍ഫ്ളോറ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ക്ക് എന്ന ഇടത്തിലാണ് ഈ തരത്തിലുള്ള പൂക്കൾ കൃഷി ചെയ്യുന്നത്. താജ് മഹൽ റോസാ പൂക്കളുടെ പേറ്റന്റും ഇവർ നേടിയിട്ടുണ്ട്.നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമാണ് ഈ റോഡിന്റെ പ്രത്യേകത. ഇത്രയും ദൂരം സഞ്ചരിച്ച പച്ചപ്പ് ഒക്കെ കെട്ടിടങ്ങള്‍ക്ക് വഴി മാറി എങ്കിലും ഈ യാത്ര തരുന്നത് മികച്ച ഒരു അനുഭവവും മറ്റൊരിടത്തും കിട്ടാത്ത കാഴ്ചകളുമാണ് എന്നതില്‍ സംശയമില്ല.
തൃശ്ശൂരിൽ നിന്നും പൊള്ളാച്ചിയിൽ വഴിയും ബാംഗ്ലൂരിലെത്താം.പെരിയ നേഗമം-സുൽത്താന്‍പേട്ട്-സേലം- ധർമ്മ പുരി-കൃഷ്ണഗിരി-ഹൊസൂർ വഴിയാണ് ഈ റൂട്ട്.