ലക്ഷങ്ങളുടെ വിനോദസഞ്ചാര പദ്ധതികളോ ഉൽഘാടനങ്ങളുടെ മാമാങ്കങ്ങളോ ഇല്ലാതെ തന്നെ സാധാരണക്കാരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറിയവയാണ് നമ്മുടെ നാട്ടിലെ വെള്ളച്ചാട്ടങ്ങൾ.അത്തരത്തിൽ ഒന്നാണ് റാന്നിയിലെ അരുവിക്കൽ വെള്ളച്ചാട്ടം.
റാന്നി ടൗണിൽ നിന്നും വെറും മൂന്നു കിലോമീറ്റർ ദൂരത്തിൽ തിരുവല്ല റൂട്ടിൽ നെല്ലിക്കമണ്ണിന് സമീപമാണ് അരുവിക്കൽ വെള്ളച്ചാട്ടം.വേനൽക്കാലത്ത് നാവ് താണ് കിടക്കുമെങ്കിലും മഴക്കാലത്ത് മറ്റൊരു കാഴ്ചയാണിവിടെ.തെരുവ പുല്ലുകളെ വകഞ്ഞിമാറ്റി വഴുവഴുപ്പുള്ള പാറക്കെട്ടുകളെ തോല്‍പ്പിച്ച് വെള്ളച്ചാട്ടത്തിന്റെ മുകളിലെത്തി താഴേക്കു നോക്കിയാൽ താഴ് വാരത്ത് ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെ ഭിന്നഭാവങ്ങൾ കാണാം.മഴ പെയ്തു തീര്‍ന്നാലും ചുറ്റും മരം പെയ്യുന്ന കാടുകള്‍.കൂറ്റന്‍ പാറക്കെട്ടുകള്‍ ചാടി അലമുറയിടുന്ന അരുവിയുടെ കാഴ്ചകള്‍ ഒന്നുമതി സഞ്ചാരികളുടെ മനം നിറയാൻ.കോടമഞ്ഞ് കരിമ്പടം പുതയ്ക്കുന്ന സന്ധ്യകളില്‍ കാട്ടരുവികള്‍ താളം പിടിച്ച് പാറക്കെട്ടുകള്‍ ചാടി കുതിച്ചു പായുമ്പോള്‍ മഴ നമ്മുടെ മുന്നിൽ മറ്റൊരു വിസ്മയം തീർക്കുന്നു.
പാറമടക്കുകളിൽ തട്ടി ചിതറി പതഞ്ഞൊഴുകിവരുന്ന പളുങ്കു മണികൾ പോലുള്ള ജല കണികകൾ നയനാനന്ദകരമായ കാഴ്ചയാണ് ഇവിടെ സന്ദർശകർക്കു നൽകുന്നത്.ജലകണങ്ങളുടെ മർമ്മരം ഇവിടെ കിളിക്കൊഞ്ചലായി അനുഭവപ്പെടും.
കാണേണ്ട കാഴ്ച തന്നെയാണ് ഈ വെള്ളച്ചാട്ടം.സുരക്ഷിതമായി അടുത്ത് നിന്ന് കണ്ടും കേട്ടും അനുഭവിക്കുവാൻ സാധിക്കുന്നത് മനസിനെ കുളിർപ്പിക്കും.വെള്ളച്ചാട്ടം ആയതുകൊണ്ടു തന്നെ മഴക്കാലത്താണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.