NEWS

ആ കുട്ടി അന്ന് ദൈവത്തെ കണ്ടു; അധ്യാപകന്റെ രൂപത്തിൽ !!

വാച്ച് ഒരു ആഡംബരം ആയിരുന്ന കാലം.. വളരെ ധനവാന്മാരായ വീട്ടിലെ കുട്ടികൾ മാത്രമേ അന്ന് വാച്ച് കെട്ടിയിരുന്നുള്ളൂ.
ഒരിക്കൽ ക്ലാസിലെ വാച്ച് കെട്ടിയ ഒരു കുട്ടിയെ കണ്ടപ്പോൾ ഒരിക്കലെങ്കിലും ആ വാച്ചൊന്നു കെട്ടാൻ മറ്റൊരു കുട്ടിക്ക് അതിയായ മോഹം തോന്നി.
വാച്ചിന്റെ ഉടമസ്ഥൻ സമ്മതിച്ചില്ല.  ആഗ്രഹം നിയന്ത്രിക്കാനാവാതെ അവനത് മോഷ്ടിച്ച് കീശയിലിട്ടു. ആരും കാണാതെ ഒരിക്കൽ മാത്രം കൈയിലൊന്ന്  കെട്ടാൻ വേണ്ടി മാത്രം….
വാച്ച് നഷ്ടപ്പെട്ട കുട്ടി  കരഞ്ഞുകൊണ്ട് അധ്യാപകന്റെ അടുത്തെത്തി.
അധ്യാപകൻ എല്ലാ കുട്ടികളെയും നിരനിരയായി നിർത്തി.
വാച്ച് മോഷ്ടിച്ചവൻ സകല ദൈവങ്ങളോടും പ്രാർത്ഥിച്ച് ധൈര്യമെല്ലാം ചോർന്നങ്ങനെ നിൽപ്പാണ്.
എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു അധ്യാപകൻ.
അദ്ദേഹം എല്ലാ കുട്ടികളുടെ കീശയിലും തപ്പാൻ ആരംഭിച്ചു. എല്ലാവരെയും തപ്പുന്നതിന് മുമ്പ്തന്നെ മോഷ്ടാവിന്റെ കീശയിൽ നിന്ന് വാച്ച് കണ്ടെടുത്തു .
എന്നാൽ അധ്യാപകൻ തിരച്ചിൽ നിർത്തിയില്ല.
ഒടുവിൽ എല്ലാവരുടെ കീശയിലും തിരഞ്ഞതിന് ശേഷം അധ്യാപകൻ വാച്ച് ഉടമയ്ക്ക് തിരികെ നൽകി.
അവൻ സന്തോഷവാനായി.
മോഷ്ടിച്ചവൻ അന്ന് ശരിക്കും  ദൈവത്തെ കണ്ടു, അധ്യാപകന്റെ രൂപത്തിൽ. ഒന്നും ചോദിച്ചില്ല, ശാസിച്ചില്ല… പക്ഷെ ഇനി ഒരിക്കൽ പോലും  മോഷ്ടിക്കില്ലെന്ന് മനസു കൊണ്ട് അവൻ പ്രതിജ്ഞയെടുത്തു.
ഇതുപോലൊരു അധ്യാപകനാവാൻ അവൻ കൊതിച്ചു. വർഷങ്ങൾക്ക് ശേഷം അവൻ ഒരു അധ്യാപകനായി.
കാലം ഏറെ കഴിഞ്ഞപ്പോൾ തന്നെ അധ്യാപകനാക്കിയ ആ ഗുരുവിനെ അവൻ കണ്ടു.. പക്ഷേ, തന്റെ ശിഷ്യനെ അയാൾക്ക് ഓർമ്മ വന്നില്ല.  ഈ മോഷണക്കാര്യം അദ്ദേഹത്തെ അവൻ ഓർമ്മിപ്പിച്ചു.
“സാർ, ഞാനായിരുന്നല്ലോ അന്ന് ആ വാച്ച് മോഷ്ടിച്ചത്.
അങ്ങയെ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നു, എന്റെ അഭിമാനത്തിന് മുറിവേൽപ്പിക്കാത്തതിന്.”
ഒരു പുഞ്ചിരിയോടെ അധ്യാപകൻ പറഞ്ഞു.
“ആ സമയം ഞാനും കണ്ണടച്ചാണ് എല്ലാവരുടെയും കീശയിൽ വാച്ച് തപ്പിയത്. എനിക്കറിയില്ലായിരുന്നു അത് എടുത്തത് ആരാണെന്ന്… അറിയുകയും വേണ്ടായിരുന്നു…!!”

Back to top button
error: