‘കുന്റിരിക്കുമിടമെല്ലാം
കുമരൻ കുടിയിരിപ്പാൻ’
( കുന്നിരിക്കുന്ന ഇടത്തെല്ലാം മുരുകൻ കുടിയിരിക്കുന്നു)- തമിഴ്ചൊൽ.
കന്യാകുമാരി ജില്ലയിലെ കൽക്കുളം താലൂക്കിൽ, തക്കലയ്ക്ക് സമീപമാണ് മലമുകളിലെ വെള്ളിമല ബാലസുബ്രഹ്മണ്യ ക്ഷേത്രം. മുരുകൻ ബാലരൂപത്തിൽ ഇവിടെ കുടിയിരിക്കുന്നുവെന്നാണ് സങ്കല്പം. തമിഴ്നാട്ടിലെ മിക്ക മുരുകൻകോവിലുകളും മലമുകളിലോ കുന്നിൻമുകളിലോ ആയിരിക്കും.
കുന്നിന്റെയും മലയുടെയും ദൈവമാണ് മുരുകൻ. എല്ലാ മുരുകൻകോവിലിനും പടിക്കെട്ടുകൾ ധാരാളം ഉണ്ടായിരിക്കും. ഈ പടിക്കെട്ടുകൾ കടന്നു വേണം മലമുകളിലെ കോവിലിലെത്താൻ.
സംഘകാല തിണസങ്കല്പപ്രകാരമുള്ള ഐന്തിണകളിലെ കുറിഞ്ചി. മരുതം, നെയ്താൽ എന്നീ മൂന്നു തിണകൾ ഇവിടെ കാണാം. കോവിൽ ഇരിക്കുന്ന കുന്ന് ‘കുറിഞ്ചി ‘. മലമുകളിൽ നിന്നു താഴോട്ട് നോക്കിയാൽ കാണുന്ന നെൽവയലുകളും തെങ്ങിൻതോപ്പുകളും ‘മരുതനിലം’ തന്നെ. മലമുകളിൽ നിന്നു നോക്കിയാൽ ദൂരെ തിരയടിക്കുന്ന നെയ്തൽ തീരവും കാണാം.
തിണകൾ സന്ധിക്കുന്ന ഇടം.
ഈ മലയിലെ ഗോത്രത്തലവന്റെ മകൾ വള്ളിയെ മുരുകൻ പ്രണയിച്ചുവെന്നാണ് ഒരു കഥ. വള്ളിയുടെ മലയാണ്, വള്ളിമലയും പിന്നെ വെള്ളിമലയും ആയെന്നാണ് ഭക്തരുടെ വിശ്വാസം .
ഇവിടത്തെ ‘കാക്കപൊന്നു’പോലുള്ള കല്ലുകളിൽ അതിരാവിലെ സൂര്യപ്രകാശം പതിക്കുമ്പോൾ പ്രത്യേകതരം വെള്ളിവെളിച്ചം രൂപപ്പെടാറുണ്ട്.മലയടിവാരത്തിൽ നിൽക്കുന്നവർക്ക് ഈ പ്രതിഭാസം പ്രത്യേക അനുഭവം നൽകുന്നതു കാരണമാകാം ‘വെള്ളിമല ‘എന്ന പേരു വരാനുള്ള മറ്റൊരു കാരണം.
വെള്ളിമല ഒരുകാലത്തു കാട്ടുപ്രദേശമായിരുന്നു. ഗതാഗതസൗകര്യം കുറവായിരുന്ന അക്കാലത്ത് വെള്ളിയാഴ്ച തോറും മാത്രമേ പൂജ ഉണ്ടായിരുന്നുള്ളൂ. വെള്ളിയാഴ്ച മാത്രം പൂജയുള്ള കോവിൽ വെള്ളിമല എന്നു നാട്ടുകാർക്കിടയിൽ പ്രശസ്തമായി.
എന്തായാലും അതിമനോഹരമാണ് ഇവിടം.
താഴേ ഇറങ്ങിയാൽ താമരക്കുളങ്ങളും കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളുമുള്ള നാഞ്ചിനാടിന്റെ തനതുസൗന്ദര്യം കാണാം.
രാവിലെയും വൈകുന്നേരവും മലമുകളിൽ കേറിയാൽ കടലിൽ നിന്നും വയലിൽ നിന്നും കേറി വരുന്ന കാറ്റ് ഏതോ വിദൂരഭൂതകാലത്തിലേക്കു നിങ്ങളെ കൊണ്ടുപോകും.
ക്ഷേത്രത്തിനു താഴെ ശ്രീരാമകൃഷ്ണആശ്രമവുമുണ്ട്.
ഭക്തിയും സൗന്ദര്യവും ഒരുപോലെ നമുക്കിവിടെ ആസ്വദിക്കാൻ കഴിയും.