സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ ആരംഭിക്കുന്ന ഇൻ്റഗ്രേറ്റഡ് റൈസ് ടെക്നോളജി പാർക്കിൻ്റെ നിർമ്മാണോദ്ഘാടനം ഇന്ന് നിർവ്വഹിക്കും. 66.05 കോടി രൂപ ചിലവ് വരുന്ന പദ്ധതി 14 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
സംസ്ഥാന സർക്കാർ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നടപ്പാക്കുന്നതുപോലെ ഈ കമ്പനിക്കും പ്രൊഫഷണൽ മാനേജ്മെന്റുണ്ടാകും. വിദഗ്ദരായ ആളുകളെ കമ്പനിയുടെ പ്രവർത്തനത്തിനു ചുമതലപ്പെടുത്തും. കർഷകർക്ക് തറ വില നൽകി കേരള റൈസ് ലിമിറ്റഡ് നെല്ല് വാങ്ങും. സിവിൽ സപ്ളൈസ് വകുപ്പുമായി ചേർന്നു സംഭരിക്കുന്ന നെല്ല് റൈസ് പാർക്കിൽ ശേഖരിക്കാനാകും.
ഇങ്ങനെ മത്സരാധിഷ്ഠിതമായി വിപണിയിൽ ഇടപെടുന്നതിലൂടെ ഒരു ദിവസം 80 ടൺ നെല്ല് പ്രോസസ് ചെയ്യാനും 300 തൊഴിൽ ദിനം രണ്ടു ഷിഫ്റ്റിൽ പ്രവർത്തിക്കാനും സാധിക്കും. ഇതുവഴി കർഷകർക്കു കൂടുതൽ വരുമാനവും കേരളത്തിൽ കൂടുതൽ നെൽ കൃഷിയും കൊണ്ടുവരാൻ സാധിക്കും.