ട്രെയിന്‍ യാത്രയില്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്ന് കൃത്യമായി സ്റ്റേഷനിലിറങ്ങുന്നതാണ്. അത്രയധികം പരിചയമില്ലാത്ത സ്ഥലത്തേക്കുള്ള യാത്രയാണെങ്കില്‍ ഇറങ്ങുവാന്‍ തയ്യാറെടുത്തിരുന്ന് സ്ഥലമെത്തിയപ്പോള്‍ ഇറങ്ങുവാന്‍ കഴിയാതെ വന്ന അവസ്ഥ വന്നാലോ എന്ന് ആലോചിച്ചിട്ടുണ്ടോ? രാത്രിയിലെ ട്രെയിന്‍ യാത്രയാണെങ്കില്‍ പറയുകയും വേണ്ട.. എന്നാലിനി പേടിക്കേണ്ട…
രാത്രി വൈകി യാത്രക്കാർക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനം അറിയിക്കാൻ സഹായിക്കുന്ന ഒരു പരിഹാരവുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയിരിക്കുന്നു. തിരഞ്ഞെടുത്ത ട്രെയിനുകളിൽ ആണ് റെയില്‍വേ ‘വേക്ക് അപ്പ് കോൾ’ അലേർട്ട് സൗകര്യം ഒരുക്കിയിരിക്കുന്നത്. ദീർഘദൂര യാത്രകൾ നടത്തുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും ട്രെയിനിൽ ശരിയായ ഉറക്കം ലഭിക്കാത്തവർക്കും സ്റ്റേഷൻ നഷ്ടപ്പെടുമെന്ന ഭയമുള്ളവർക്കും വലിയൊരു ആശ്വാസമായിരിക്കും ഈ ‘വേക്ക് അപ്പ് കോൾ’ അലേർട്ട്.
ട്രെയിൻ യാത്രക്കാർക്ക് ഇപ്പോൾ രാത്രി 11 മുതൽ രാവിലെ 7 വരെ ലക്ഷ്യസ്ഥാന അലേർട്ട് സേവനം (destination alert service) ലഭിക്കും. ഇന്ത്യൻ റെയിൽവേ തിരഞ്ഞെടുത്ത ട്രെയിനുകളിലാണ് ‘വേക്ക് അപ്പ് കോൾ’ അലേർട്ട് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.ഇതനു സരിച്ച് ഒരു യാത്രക്കാരൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് 20 മിനിറ്റ് മുമ്പ് ഒരു എസ്എംഎസ് അലേർട്ട് അയയ്ക്കുന്നു.ഈ സേവനത്തിന് ഇന്റർനെറ്റ് സൗകര്യം ആവശ്യമില്ല, യാത്രക്കാർക്ക് ‘139’ ഡയൽ ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
രാത്രി സമയത്തെ ട്രെയിൻ യാത്രയിൽ നിങ്ങൾക്ക് എങ്ങനെ ലക്ഷ്യസ്ഥാന അലേർട്ട് ലഭിക്കുമെന്ന് നോക്കാം.
സ്റ്റെപ്പ് 1: നിങ്ങൾക്ക് ലക്ഷ്യസ്ഥാന മുന്നറിയിപ്പ് ലഭിക്കാൻ ആഗ്രഹിക്കുന്ന മൊബൈൽ നമ്പറിൽ ‘139’ ഡയൽ ചെയ്യുക.
സ്റ്റെപ്പ് 2: നിങ്ങള്‍ക്കു വേണ്ട ഭാഷ തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 3: ‘വേക്ക് അപ്പ് കോൾ’ അലേർട്ട് സജ്ജീകരിക്കാൻ 2 അമർത്തുക.
സ്റ്റെപ്പ് 4: ട്രെയിൻ ടിക്കറ്റിന്റെ 10 അക്ക പിഎന്‍ആര്‍ (PNR) നൽകുക.
സ്റ്റെപ്പ് 5: നിങ്ങളുടെ പിഎന്‍ആര്‍ നമ്പർ സ്ഥിരീകരിക്കാൻ ‘1’ അമർത്തുക.
സ്റ്റെപ്പ് 6:ലക്ഷ്യ സ്ഥാന അലേർട്ട് സജീവമാക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.