ദുബായ് : മലയാളി സമൂഹത്തിന് തന്നെ അഭിമാനമായിരിക്കയാണ് ദുബായിലെ ഈ വിദ്യാർഥികൾ.
ദുബായിലെ സ്‌കൂളുകളില്‍ പഠിക്കുന്ന തിരുവല്ല മാന്നാര്‍ സ്വദേശികളായ ദക്ഷേഷ് പാര്‍ത്ഥസാരഥി, കെ.എസ് നിര്‍മല്‍ സുധീഷ് എന്നിവര്‍ ലോകറെക്കോര്‍ഡുകളില്‍ ഇടംനേടിയാണാ ദുബായിലെ മലയാളി സമൂഹത്തിനു അഭിമാനമായി മാറിയത്.
വിവിധ രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പറഞ്ഞു കൊണ്ടാണ് ദക്ഷേഷ് പാര്‍ത്ഥസാരഥി ലണ്ടന്‍ വേള്‍ഡ്ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത്. സ്രാവുകളുടെ വിസ്മയ ലോകത്തിലൂടെ സഞ്ചരിച്ചാണ് നിര്‍മ്മല്‍ സുധീഷ് ലോകറെക്കോര്‍ഡ് നേടിയത്.
മാന്നാര്‍ ഇരമത്തൂര്‍ പരപ്പള്ളില്‍ (രേവതി ഹൗസ് ) സോനു പാര്‍ത്ഥസാരഥി-ആശാ ദമ്ബതികളുടെ മകന്‍ ദക്ഷേഷ് പാര്‍ത്ഥസാരഥി അജ്‌മാന്‍ ഭവന്‍സ് വൈസ് ഇന്ത്യന്‍ അക്കാദമിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ലോക രാജ്യങ്ങളുടെ പേരുകള്‍ ക്രമരഹിതമായി പറഞ്ഞാല്‍പോലും അവയുടെ തലസ്ഥാനങ്ങള്‍ വളരെ വേഗത്തില്‍ സംശയമില്ലാതെ പറയാന്‍ ദക്ഷേഷിനു കഴിയും. 7 മിനിറ്റും 55 സെക്കന്‍ഡും റെക്കോര്‍ഡ് സമയത്തില്‍ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ഈ കൊച്ചു മിടുക്കന്‍ ലണ്ടന്‍ വേള്‍ഡ്ബുക്ക് ഓഫ് റെക്കോര്‍ഡില്‍ വെറും 6മിനിറ്റും 50 സെക്കന്‍ഡും എന്ന റെക്കോര്‍ഡ് സമയത്തിലൂടെ ഇടം നേടുകയാണുണ്ടായത്.
വ്യത്യസ്ത ഇനം സ്രാവുകളുടെ ചിത്രങ്ങള്‍ കണ്ട് തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേരുവിവരങ്ങള്‍ നിഷ്പ്രയാസം പറയാന്‍ ദുബായ് എലൈറ്റ് ഇംഗ്ലീഷ് സ്കൂള്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിര്‍മലിനു കഴിയും. ഒരുമിനിറ്റ് 52 സെക്കന്റില്‍ നൂറിലധികം സ്രാവുകളെ തിരിച്ചറിഞ്ഞ് അവയുടെ പേരുവിവരങ്ങള്‍ പറഞ്ഞാണ് ലോകറെക്കോര്‍ഡില്‍ ഇടംനേടിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ബുക്ക് ഓഫ് റെക്കോര്‍ഡിലും ഏഷ്യന്‍ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയിരുന്നു. മാന്നാര്‍ കുരട്ടിക്കാട് കാക്കിരംചേത്ത് വടക്കേതില്‍ സുധീഷ് കുമാറിന്റെയും ചെറിയനാട് ചിങ്ങാട്ടില്‍ വീട്ടില്‍ വിദ്യയുടെയും രണ്ടുമക്കളില്‍ മൂത്തമകനാണ് നിര്‍മ്മല്‍ സുധീഷ്.