KeralaNEWS

നെടുമ്പാശേരി വിമാനത്താവളത്തിൽ തമാശ പറഞ്ഞാൽ പണി കിട്ടും, കയ്യിൽ ബോംബൊന്നുമില്ലെന്ന് തമാശ പറഞ്ഞ യാത്രക്കാരന് യാത്ര മുടങ്ങി

  നെടുമ്പാശേരി വിമാനത്താവളത്തിൽ തമാശ പറയരുത്, പ്രത്യേകിച്ച് സുരക്ഷാ പരിശോധനയ്ക്കിടെ. മെറ്റൽ ഡിക്ടേറ്റർ വച്ചും സെക്യൂരിറ്റി ഗേറ്റിലെ പരിശോധനയിലും അസ്വസ്ഥനായ യാത്രക്കാരൻ ഒരു തമാശ പറഞ്ഞു:
“മാഡം കയ്യിൽ ബോംബൊന്നുമില്ല…”  കേട്ടപാടെ വനിതാ ഓഫീസർക്ക് കുരു പൊട്ടി. ആ പാഴ് വാക്കിൻ്റെ പേരിൽ യാത്രക്കാരന് പണിയും കിട്ടി യാത്രയും മുടങ്ങി.

ഓസ്‍ട്രേലിയയിലെ മകളുടെ അടുത്തേക്ക് പോകാനെത്തിയ 63 കാരനായ ആലുവ സ്വദേശി ദാസ് ജോസഫും ഭാര്യയുമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയിൽ കുടുങ്ങിയത്.
കർശന പരിശോധനക്കിടെ അസ്വസ്ഥനായ ദാസ് ജോസഫ് കൈയിലുള്ള ബാഗിൽ ബോംബൊന്നുമില്ല’ എന്ന് പറഞ്ഞതാണ് പണിയായത്. ബോംബെന്ന് കേട്ടതോടെ ജീവനക്കാരി സുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുകയും പരിശോധനക്കായി മാറ്റിയതോടെ ദാസ് ജോസഫിൻ്റെയും ഭാര്യയുടെയും യാത്ര മുടങ്ങുകയും ചെയ്തു. കൊച്ചിയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയിലേക്കും അവിടെ നിന്ന് ഓസ്‍ട്രേലിയയിലേക്കും യാത്ര ചെയ്യാനായിരുന്നു പദ്ധതിയും ടിക്കറ്റും. കൊച്ചി വിമാനത്താവളത്തില്‍ വെച്ച് ജീവനക്കാരി ബാഗേജ് പരിശോധിക്കുന്നതിനിടെ അല്‍പം ഭാരം തോന്നിയപ്പോള്‍ ബാഗില്‍ എന്താണെന്ന് ദാസ് ജോസഫിനോട് ചോദിക്കുകയായിരുന്നു. ഇതില്‍ അസ്വസ്ഥനായ അദ്ദേഹം ബാഗില്‍ ബോംബൊന്നുമില്ലെന്ന് ജീവനക്കാരിയോട് പറയുകയായിരുന്നു. ബോംബ് എന്ന് കേട്ട പാടെ ജീവനക്കാരി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെത്തി ഇരുവരെയും കൊണ്ടുപോയി വിശദമായ പരിശോധന നടത്തി. അര മണിക്കൂറോളം സമയമെടുത്തായിരുന്നു ഈ പരിശോധനകള്‍. താന്‍ തമാശ പറഞ്ഞതാണെന്നും ഇതിനാണോ ഇത്രയും വലിയ പരിശോധനയെന്നും അദ്ദേഹം ചോദിച്ചുവെങ്കിലും യാത്ര മുടങ്ങി. അനവസരത്തിലെ തമാശ ദാസ് ജോസഫിന് കൊടുത്ത പണി ചില്ലറയല്ല.

Back to top button
error: