ന്യൂഡല്‍ഹി: ബ്രാന്‍ഡഡ് അല്ലാത്തതും പായ്ക്കറ്റിലാക്കിയതുമായ തൈര്, പനീര്‍, ഇറച്ചി, പപ്പടം തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ക്കു ജൂലൈ 18 മുതല്‍ വില കൂടും. നികുതിയില്ലാതിരുന്ന നിരവധി പ്രാദേശിക പാല്‍/കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു പായ്ക്ക് ചെയ്ത ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കൊപ്പം അഞ്ചു ശതമാനം നികുതി ചുമത്താനുള്ള ശിപാര്‍ശ ജി.എസ്.ടി. കൗണ്‍സില്‍ അംഗീകരിച്ചതോടെയാണ് ഇത്.
സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയാണു ശിപാര്‍ശ നല്‍കിയത്.പായ്ക്ക് ചെയ്ത് ലേബലൊട്ടിച്ച പനീര്‍, ലസ്സി, മോര്, തൈര്, ഗോതമ്പുപൊടി, മറ്റു ധാന്യങ്ങള്‍, മലര്‍, തേന്‍, പപ്പടം, ധാന്യപ്പൊടികള്‍, ഫ്രീസ് ചെയ്തതല്ലാത്ത മീനും ഇറച്ചിയും, ശര്‍ക്കര തുടങ്ങിയവയ്ക്കാണു വില കൂടുന്നത്.
ഒരു രാത്രിക്ക് 1000 രൂപയില്‍ താഴെ വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്കും ദിവസം 5000 രൂപയില്‍ കൂടുതല്‍ നല്‍കേണ്ട ആശുപത്രി മുറികള്‍ക്കും 12 ശതമാനം ജി.എസ്.ടി. ചുമത്തും. ചില അടുക്കള ഉപകരണങ്ങളും 18 ശതമാനമായി ജി.എസ്.ടി. വര്‍ധനയുണ്ടാകുന്ന ഉത്പന്നങ്ങളുടെ പട്ടികയിലുണ്ട്.
ചണ്ഡീഗഡില്‍ ജൂണ്‍ 28, 29 തിയതികളില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 47-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് കൂടുതല്‍ ഉല്‍പന്നങ്ങളെയും സേവനങ്ങളെയും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.