പാലക്കാട്: എകെജി സെന്റര്‍ ആക്രമണത്തിൽ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നടത്തിയ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ. കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല. ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല. വല്ലാണ്ടങ്ങ് കുരച്ചപ്പോൾ അരിഞ്ഞ് തള്ളി എന്നിങ്ങനെയാണ് മുദ്രാവാക്യം. ഇന്നലെ രാത്രി എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
എട്ട് പൊലീസുകാർ എകെജി സെന്ററിന് മുന്നിൽ സുരക്ഷാ ജോലി നോക്കുമ്പോഴാണ് സ്കൂട്ടിലെത്തിയ അക്രമി രാത്രി സ്ഫോടക വസ്തു വലിച്ചറിഞ്ഞ് രക്ഷപ്പെട്ടത്. എകെജി സെന്ററിനുള്ളിലിരുന്നവർ പോലും ഉഗ്ര സ്ഫോടക ശബ്ദം കേട്ടതായി പറയുന്നു. പക്ഷെ എകെജി സെന്ററിന് മുന്നിലും, എതിരെ സിപിഎം നേതാക്കള്‍ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലും നിലയിറപ്പിച്ചിരുന്ന പൊലീസുകാർ അക്രമിയെ കണ്ടില്ല. എകെജി ഹാളിലേക്ക് പോകുന്ന ഗേറ്റിൽ പൊലീസുകാരെ വിന്യസിച്ചിരുന്നില്ല. ഇവിടെയാണ് അക്രമം നടന്നത്.
ആക്രമണം സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനെന്നാണ് എഫ്ഐആറിലുള്ളത്. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.