കൊച്ചി: സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. തിരുവനന്തപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന അന്വേഷണ സംഘത്തിന്റെ വാദം കണക്കിലെടുത്തായിരുന്നു നടപടി. അന്വേഷണ സംഘം പിന്നീട് കൂടുതല്‍ വകുപ്പുകള്‍ കൂട്ടി ചേര്‍ത്തതായി സ്വപ്ന കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിന് പൊലീസിന് അധികാരമുണ്ടെന്നും ഈ അധികാരത്തെ തടയാന്‍ കഴിയില്ലെന്നും ജസ്റ്റീസ് സിയാദ് റഹ്മാന് വ്യക്തമാക്കുകയായിരുന്നു.
ഇതിനിടെ, കള്ളപ്പണ ഇടപാടില്‍ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലാം തവണയാണ് സ്വപ്ന ഇഡിക്ക് മുന്നില്‍ ഹാജരായത്. കോടതിയില്‍ നല്കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്നയില് നിന്ന് മൊഴിയെടുക്കാന്‍ തുടങ്ങിയത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നും കോണ്‍സുല്‍ ജനറല്‍ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹ വസ്തുക്കള്‍ കൊടുത്തയച്ചു എന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന നല്‍കിയിട്ടുള്ളത്. മുന്‍മന്ത്രി കെ.ടി.ജലീല്‍, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് എന്നിവര്‍ക്കെതിരെയും 164 പ്രകാരം സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.