മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും , ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. ഇന്നു രാത്രി ഏഴിന് ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ. ഇതിനുള്ള ഒരുക്കങ്ങൾ ഇവിടെ പുരോഗമിക്കുകയാണ്.
ദേവേന്ദ്ര ഫഡ്നാവിനും ഏകനാഥ് ഷിൻഡെയും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ടിരുന്നു. ഷിൻഡെ മുംബൈയിൽ ദേവേന്ദ്ര ഫഡ്നാവിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇരുവരും രാജ്ഭവനിലെത്തിയത്.
ഇതോടെ മഹാരാഷ്ട്രയിൽ ഏതാനും ദിവസങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് തിരശീല വീഴുകയാണ്. ശിവസേന സർക്കാരിൽനിന്ന് ഇടഞ്ഞ് വിമതപക്ഷത്ത് എത്തിയ ഏകനാഥ് ഷിൻഡെയും പ്രതിപക്ഷമായിരുന്ന ബിജെപിയും ചേർന്നാണ് പുതിയ സർക്കാർ രൂപീകരിച്ചത്. ഉദ്ധവ് താക്കറെ സർക്കാർ രാജിവച്ച് മണിക്കൂറുകൾക്കകമാണ് ബിജെപി സർക്കാർ അധികാരത്തിലെത്തുന്നതെന്നും ശ്രദ്ധേയമാണ്.
അതേസമയം ദേവേന്ദ്ര ഫഡ്നാവിനും ഏകനാഥ് ഷിൻഡെയും മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മറ്റ് മന്ത്രിമാരെ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും നേതാക്കൾ അറിയിച്ചു.