സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഇനി ശീതീകരിച്ച വൈദ്യുത ബസുകളായി മാറും. അന്താരാഷ്ട്ര നിലവാരമുള്ള വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കാൻ ബംഗളൂരു ആസ്ഥാനമായ അസ്.യു എനർജിയും കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷനും കരാർ ഒപ്പുവെച്ചു. നടത്തിപ്പുകാർക്ക് ഒരു രൂപ പോലും മുതൽ മുടക്ക് ഇല്ലാത്ത രീതിയിലാണ് വാഹനങ്ങൾ നിരത്തിലിറങ്ങുക.
ബസിലേക്കാവശ്യമുള്ള ജീവനക്കാരെ നടത്തിപ്പുകാർ ചുമതലപ്പെടുത്തണം. ഒരു കിലോമീറ്ററിന് നിശ്ചിത നിരക്കിൽ തുക കമ്പനിക്ക് നൽകണം. ഇന്ധന ചെലവ് 30 രൂപയിൽ നിന്ന് ആറ് രൂപയിലേക്ക് കുറക്കാൻ കഴിയുമെന്ന് കമ്പനി ചൂണ്ടികാട്ടുന്നു. 10000 ബസ്സുകൾ നിരത്തിലിറക്കാനുള്ള ധാരണപത്രമാണ് അസ്.യു എനർജിയും കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുമായി ഒപ്പിട്ടിരിക്കുന്നത്. വാഹനത്തിന്റെ ചാർജിങ് സ്റ്റേഷനുകളും അറ്റകുറ്റപ്പണികളും കമ്പനിയുടെ ഉത്തരവാദിത്തമാണ്. ആറുമാസത്തിനുള്ളിൽ ആദ്യ വാഹനം നിരത്തിലിറക്കാനാണ് ധാരണ.