തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ഇടതുപക്ഷത്ത് നിന്ന് ആരും പോകാതിരുന്നത് ദുരൂഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നരേന്ദ്ര മോദിയെ പേടിച്ചാണ് പിണറായിയും കൂട്ടരും വിമാനത്താവളത്തിൽ എത്താതിരുന്നത്. സീതാറാം യെച്ചൂരി കൂടി ചേർന്നാണ് ദില്ലിയിൽ യശ്വന്ത് സിൻഹക്ക് വേണ്ടി നോമിനേഷൻ കൊടുത്തത്. എന്നിട്ടും കേരളത്തിൽ സിപിഎമ്മിൽ നിന്നും ആരും വന്നില്ല. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പിൻ്റെ ഭാഗമായി സിപിഎം, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മോദിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാകുകയാണെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ഇന്ന് കേരളത്തിൽ പ്രചാരണം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ എൽഡിഎഫ് എംപിമാരുമായും എംഎൽഎമാരുമായും യശ്വന്ത് സിൻഹ കൂടിക്കാഴ്ച നടത്തും. മൂന്ന് മണിക്കാണ് യുഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച. പിന്നീട് വാർത്താ സമ്മേളനത്തിലും ഗാന്ധി ഭവനിലെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും. ഇന്നലെ രാത്രിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം തുടങ്ങാനായി യശ്വന്ത് സിൻഹ തിരുവനന്തപുരത്ത് എത്തിയത്. നൂറ് ശതമാനം വോട്ട് കിട്ടുന്ന കേരളത്തിൽ പ്രചാരണത്തിന് ഗംഭീര തുടക്കം കുറിക്കാനാകുമെന്നാണ് ഇന്നലെ അദ്ദേഹം പ്രതികരിച്ചത്.
ഒരു ദിവസത്തെ പ്രചാരണത്തിന് ശേഷം നാളെ രാവിലെ അദ്ദേഹം ചെന്നൈയിലേക്ക് പുറപ്പെടും. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്തെത്തിയ യശ്വന്ത് സിൻഹയെ യുഡിഎഫ് നേതാക്കളെത്തിയാണ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവർ ചേർന്നാണ് യശ്വന്ത് സിന്‍ഹയെ സ്വീകരിച്ചത്. കേരളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനമെന്ന് യശ്വന്ത് സിൻഹ പറഞ്ഞു.
24 വര്‍ഷം സിവിൽ സര്‍വീസ് മേഖലയിൽ പ്രവര്‍ത്തിച്ച യശ്വന്ത് സിൻഹ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാദളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചു. ചന്ദ്രശേഖര്‍, വാജ്പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു. ചന്ദ്രശേഖറിന്റെ കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് ബിജെപിയിൽ ചേര്‍ന്ന ശേഷം വാജ്പേയ് മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായും വിദേശ കാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു. അതിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018 ൽ ബിജെപി വിട്ടത്. പിന്നീട് 2021ൽ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേര്‍ന്നു. നിലവിൽ തൃണമൂൽ വൈസ്പ്രസിഡന്റായിരിക്കെയാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയാകാൻ രാജിവെച്ചത്. ബിജെപിയുടെ ഒരു മുൻ നേതാവിനെ തന്നെയാണ് പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നത് ശ്രദ്ധേയമാണ്.