തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ മാത്യു കുഴൻനാടൻ എംഎൽഎ ഇന്ന് പുറത്തുവിടും. പതിനൊന്ന് മണിക്കാണ് കെപിസിസിയിൽ വാർത്താസമ്മേളനം ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പറുമായി ബന്ധം ഉണ്ടെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചത്.
പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാർ വീണ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടർന്ന് വെബ്സൈറ്റിലെ പരാമർശം ഒഴിവാക്കിയെന്നും എംഎൽഎ ആരോപിച്ചിരുന്നു. ആരോപണം പച്ചക്കള്ളമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മറുപടിക്കിടെ മുഖ്യമന്ത്രി ക്ഷോഭിക്കുകയും ചെയ്തു. ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും തെളിവ് പുറത്തുവിടുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷവും ഭരണപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞതോടെ ഇന്നലത്തെ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട ചർച്ച അക്ഷരാർത്ഥത്തിൽ നിയമസഭയെ ഇളക്കി മറിക്കുന്നതായിരുന്നു. ചർച്ചയുടെ ഒടുവിൽ മുഖ്യമന്ത്രി മകളെ കുറിച്ചുള്ള ആക്ഷേപമുയർത്തിയ മാത്യു കുഴൽനാടൻ എംഎൽഎയോട് ക്ഷോഭിക്കുന്നതിനും സഭ സാക്ഷ്യം വഹിച്ചു. മാത്യു കുഴൽനാടന്‍റെ പേര് എടുത്തുപറഞ്ഞ മുഖ്യമന്ത്രി ‘മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ? വിചാരമെന്ന് ചോദിച്ചു. അതിന് വേറെ ആളെ നോക്കണമെന്നും പിണറായി പറഞ്ഞു.
ചർച്ചയിൽ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണമെന്നും വീട്ടിലിരിക്കുന്നവരെ വെറുതെ വലിച്ചിഴച്ച് ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പച്ചക്കള്ളമാണ് മാത്യു കുഴൽനാടൻ ഇവിടെ പറഞ്ഞത്. ആരോപണ വിധേയനായ ആൾ മെന്‍ററാണെന്ന് മകൾ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ഇത്തരം പ്രചരണം അസംബന്ധമാണെന്നും പിണറായി സഭയിൽ പറഞ്ഞു. അതേസമയം സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയിലെ ആരോപണങ്ങള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി ഏകദേശം ഒരു മണിക്കൂറോളം നീണ്ടു.
‘സോളാര്‍ കേസും സ്വർണ്ണ കടത്തും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങനെയെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന തിരിച്ചടി. സോളാർ അന്വേഷണത്തിൽ ഒത്തുകളി ആരോപണം ഉയർന്നപ്പോൾ ആണ് കേസ് സിബിഐ അന്വേഷണത്തിന് വിട്ടതെന്നും പിണറായി ചൂണ്ടികാട്ടി. പരാതിക്കാരിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായ പഴി സംസ്ഥാന സർക്കാർ കേൾക്കേണ്ട എന്നു കരുതിയാണ് അത് അംഗീകരിച്ചത്. അതും ഇതും തമ്മിൽ എന്താണ് ബന്ധം എന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.