കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്ജുന് ആയങ്കിയുടെ സുഹൃത്തിനു നേര്‍ക്ക് ആക്രമണം. വടകരയ്ക്കടുത്ത് കല്ലേരിയില്‍ ബിജു എന്ന യുവാവിനെയാണ് വാനിലെത്തിയ ഒരു സംഘം അക്രമിച്ചത്.
ബിജുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതിനു ശേഷം കാര്‍ കത്തിച്ചു. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘമെന്നാണ് പൊലീസിന്റെ നിഗമനം. റൂറല്‍ എസ് പിയൂടെ നേതൃത്വത്തില്‍ ബിജുവിനെ ചോദ്യം ചെയ്യുകയാണ്.
പുലര്‍ച്ച ഒന്നരയോടെ ആണ് സംഭവം. തന്നെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷമാണ് കാര്‍ കത്തിച്ചത്, എന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി. വ്യക്തിവൈരാഗ്യം ആണ് കാരണം എന്നും ബിജു പറയുന്നു. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. സ്വര്‍ണ്ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടല്‍ കേസില്‍ ഉണ്ടെന്നണ് വിലയിരുത്തല്‍.
സ്വര്‍ണ്ണ കടത്ത് കേസുകളിലെ പ്രധാനി ആയ, അര്ജുന് ആയെങ്കിയുടെ അടുത്ത സുഹൃത്താണ് ബിജു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. താന്‍ അറിയാതെ ബിജു, സ്വര്‍ണക്കടത്തു നടത്തുന്നുണ്ടെന്ന് അര്ജുന് ആയങ്കി തുറന്നുപറയുന്ന ഫേസ്ബുക്ക് പോസ്റ്റും പൊലീസിന് കിട്ടിയിട്ടുണ്ട്.