സമൂഹ മാധ്യമങ്ങളിൽ തരംഗമുണ്ടാക്കി രാഹുൽ ഗാന്ധി, ഫേസ്ബുക് എൻഗേജ്മെന്റിൽ മോദിയേക്കാൾ 40%അധികം
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫേസ്ബുക്ക് പേജിനേക്കാൾ എൻഗേജ്മെന്റ് കൂടുതൽ രാഹുൽ ഗാന്ധിയുടെ ഫേസ്ബുക് പേജിന്.മോദിയേക്കാൾ കണക്കിൽ 40%മുമ്പിൽ ആണ് രാഹുൽ.
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 2 വരെയുള്ള കണക്കാണിത്. കോൺഗ്രസ് തന്നെ ആണ് താരതമ്യ വിശകലനം പുറത്ത് വിട്ടത്.
ഫേസ്ബുക് അനലിറ്റിക്സ് പ്രകാരം അഞ്ച് പേജുകൾ നിരീക്ഷിക്കാനും താരതമ്യം ചെയ്യാനുമാകും. ഈ ദിവസങ്ങളിൽ ഒരു കോടി മുപ്പത്തൊമ്പത് ലക്ഷം എൻഗേജ്മെന്റുകൾ രാഹുൽ ഗാന്ധിയുടെ പേജിൽ നടന്നു. കമന്റ്, ലൈക്ക്, ഷെയർ എന്നിവ ഉൾപ്പെട്ടതാണ് എൻഗേജ്മെന്റ്.
നരേന്ദ്രമോഡി, ബിജെപി, കോൺഗ്രസ്, പ്രിയങ്ക ഗാന്ധി എന്നീ പേജുകൾ ആണ് താരതമ്യം ചെയ്തത്. ലോകത്തെ ഏറ്റമുമധികം ഫോളോവർമാർ ഉള്ള അഞ്ച് നേതാക്കളിൽ ഒരാളാണ് നരേന്ദ്രമോഡി.45 കോടി 90 ലക്ഷം ഫോളോവർമാർ ആണ് മോദിക്കുള്ളത്. രാഹുൽ ഗാന്ധിക്ക് ആകട്ടെ 3 കോടി അമ്പത് ലക്ഷം ഫോളോവർമാരും. കോൺഗ്രസ് പുറത്ത് വിട്ട കണക്ക് പ്രകാരം മോദിയുടെ ഫേസ്ബുക് പേജ് എൻഗേജ്മെന്റ് 82 ലക്ഷം മാത്രമാണ്.
ഒരു കോടി അറുപത് ലക്ഷം ഫോളോവർമാർ ഉള്ള ബിജെപിയുടെ ഔദ്യോഗിക പേജിൽ 23 ലക്ഷം പേർ പ്രതികരിച്ചു. കോൺഗ്രസ് പേജിൽ 36 ലക്ഷം പേരും. കോൺഗ്രസ് പേജിൽ ഫോളോവഴ്സിന്റെ എണ്ണം അമ്പത്താറു ലക്ഷം ആണ്. ഈ ദിവസങ്ങളിൽ രാഹുൽ ഗാന്ധി 52 പോസ്റ്റ് ഇട്ടപ്പോൾ അദ്ദേഹത്തിന്റെ ഫോളോവഴ്സിന്റെ എണ്ണം മൂന്നര ശതമാനം വർധിച്ചു.
യു എൻ ജനറൽ അസംബ്ലിയെ നരേന്ദ്രമോഡി അഭിസംബോധന ചെയ്ത ദിവസങ്ങൾ കൂടി ആയിരുന്നു അത്.11 തവണ മോദിയുടെ പേജിൽ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുകയുമുണ്ടായി.
മോഡിയെ അപേക്ഷിച്ച് രാഹുലിന് ഫോളോവഴ്സിന്റെ എണ്ണം തുലോം കുറവാണ്. എന്നാൽ എൻഗേജ്മെന്റ് മോദിയേക്കാളുമുണ്ട്. ഇത് ചൂണ്ടിക്കാട്ടുന്നത് രാഹുൽ തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ ജനങ്ങൾ സ്വീകരിക്കുന്നു എന്നതാണെന്ന് കോൺഗ്രസ് ഐടി സെൽ വക്താക്കൾ പറയുന്നു.
ഹത്രാസിലെ സംഭവത്തിൽ രാഹുൽ കൈക്കൊണ്ട നിലപാടുകൾക്കും സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണം ഉണ്ട്. കോൺഗ്രസ് പ്രതിഷേധങ്ങളുടെ മുമ്പിൽ രാഹുൽ ഉണ്ട്. പ്രതിസന്ധികൾ തരണം ചെയ്ത് ഇരയുടെ കുടുംബത്തെ കണ്ട ആദ്യ പ്രതിപക്ഷ കക്ഷി നേതാവും രാഹുൽ ആയിരുന്നു.
“ഞാൻ ഇരയുടെ കുടുംബത്തെ കണ്ടു. എനിക്കവരുടെ വേദന മനസിലാകും “രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.”ഈ ദുരന്ത കാലത്ത് ഞങ്ങൾ ഒപ്പം ഉണ്ടാകുമെന്ന് ഞാൻ ഉറപ്പ് നൽകി. നീതി കിട്ടാൻ അവരെ സഹായിക്കും.ഉത്തർ പ്രദേശ് സർക്കാർ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ പോകില്ല. കാരണം രാജ്യം മുഴുവൻ രാജ്യത്തിന്റെ പുത്രിയ്ക്ക് ഒപ്പം ഉണ്ട്.”ഈ പോസ്റ്റിന്റെ ലൈക്ക് അഞ്ച് ലക്ഷത്തോട് അടുക്കുന്നു.
സമൂഹ മാധ്യമങ്ങൾ വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന ആളാണ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും രാഹുൽ ഗാന്ധി പ്രതികരിക്കും. കർഷക സമരങ്ങൾ അടക്കം രാഹുലിന്റെ പേജിൽ ലൈവ് കാണാം. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മുൻനിർത്തി രാഹുൽ നയിച്ച ഓൺലൈൻ ചർച്ചകൾ നിരവധി പേരാണ് കണ്ടതും ഷെയർ ചെയ്തതും.