പാരീസ്: സൂപ്പർതാരം നെയ്മർ ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്രസീലിയൻ താരത്തിന്റെ മുൻ ഏജന്റ് വാഗ്നർ റിബെയ്റോ. ഏറ്റെടുത്ത ദൗത്യം നിറവേറ്റാതെ നെയ്മർ പിഎസ്ജി വിടില്ലെന്നും റിബെയ്റോ പറഞ്ഞു.
മെസി, നെയ്മർ, എംബാപ്പേ ത്രയം അണിനിരന്നപ്പോൾ യൂറോപ്യൻ ഫുട്ബോൾ പിഎസ്ജി അടക്കിഭരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ പല കാരണങ്ങൾകൊണ്ട് കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ ടീമായി മാറി പിഎസ്ജി. പരിക്കിനെ തുടർന്ന് ഭൂരിഭാഗം മത്സരങ്ങളിലും വിട്ടുനിൽക്കേണ്ടിവന്ന നെയ്മറിന് മിക്കപ്പോഴും പ്രതീക്ഷിച്ച മികവിലേക്ക് എത്താനായില്ല. ഇതോടൊപ്പം കളിക്കളത്തിനകത്തും പുറത്തുമുള്ള വിവാദങ്ങളും നെയ്മറെ വേട്ടയാടി. ഇതിനിടെയാണ് പിഎസ്ജി നെയ്മറെ ഒഴിവാക്കുന്നുവെന്ന വാർത്തകൾ സജീവമായത്.
ഈ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു നെയ്മറുടെ മുൻ ഏജന്റ് വാഗ്നർ റിബെയ്റോ. പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നെയ്മർ പാരീസിൽ എത്തിയതെന്നും ഈ ലക്ഷ്യം സാക്ഷാത്കരിക്കാതെ നെയ്മർ ടീം വിടില്ലെന്നും റിബെയ്റോ പറഞ്ഞു.
2017ൽ ലോക റെക്കോഡ് ട്രാൻസ്ഫർ തുകയായ 222 ദശലക്ഷം ഡോളർ മുടക്കിയാണ് പിഎസ്ജി നെയ്മറെ ബാഴ്സലോണയിൽ നിന്ന് സ്വന്തമാക്കിയത്. അഞ്ച് സീസണുകളിലായി 144 മത്സരങ്ങളിൽ കളിച്ചു. ആകെ നേടിയത് 100 ഗോൾ. നിലവിൽ 2025 വരെയാണ് നെയ്മറിന് പിഎസ്ജിയുമായി കരാറുള്ളത്. കിലിയൻ എംബാപ്പേ കരാർ പുതുക്കിയപ്പോൾ നെയ്മറെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന ഉപാധി വച്ചിരുന്നുവെന്ന റിപ്പോട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.