അബുദാബി: അബുദാബിയില്‍ കഴിഞ്ഞ മാസമുണ്ടായ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരം. ഇമാന്‍ അല്‍ സഫഖ്‍സി എന്ന അറബ് വംശജയാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. യുഎഇ ദേശീയ ദുരന്ത നിവാരണ അതോരിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
In appreciation of humanity and an affirmation of social responsibility, HE Ali Saeed Al-Neyadi, Chairman of #NCEMA visited Mrs. Iman Al-Safaqsi at a hospital in the capital Abu Dhabi to check on her health condition.#UAEIsProudOfIman pic.twitter.com/BN2Nd12OdA
— NCEMA UAE (@NCEMAUAE) June 24, 2022
മേയ് 23നാണ് അബുദാബി അല്‍ ഖാലിദിയയിലെ ഒരു റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അഞ്ച് നില കെട്ടിടത്തിലായിരുന്നു തീപിടുത്തം. ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്‍ സ്വദേശിയും അപകടത്തില്‍ മരണപ്പെട്ടു. ആകെ 120 പേര്‍ക്കാണ് പരിക്കേറ്റത്. പരിസരത്തുള്ള അഞ്ച് കെട്ടിടങ്ങള്‍ക്കും ഏതാനും കടകള്‍ക്കും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്‍തു. മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരായിരുന്നു പരിക്കേറ്റവരില്‍ അധികവും.
അപകട സമയത്ത് ആദ്യത്തെ സ്‍ഫോടനമുണ്ടായിക്കഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് പരിക്കേറ്റെന്ന് മനസിലായതോടെയാണ് ഇമാന്‍ അവരെ സഹായിക്കാനായി അടുത്തേക്ക് ചെന്നത്. വെള്ളവും നനഞ്ഞ ടവ്വലുകളും ഉപയോഗിച്ച് പരിക്കേറ്റവര്‍ക്ക് ആശ്വാസം പകരുന്നതിനിടെ രണ്ടാമതുമുണ്ടായ സ്‍ഫോടനത്തില്‍ ഇമാന് പരിക്കേല്‍ക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. ഈ സമയത്ത് ഭര്‍ത്താവ് ജോലി സ്ഥലത്തായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇമാനെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ നില മെച്ചപ്പെട്ട അവര്‍ അപകട നില തരണം ചെയ്തു. ഇമാന്റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്ന് ഭര്‍ത്താവ് പറഞ്ഞു. വെള്ളിയാഴ്ച ഇമാനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ അലി സഈദ് അല്‍ നിയാദി, ബന്ധുക്കളുമായും ആശയവിനിമയം നടത്തി. ഇമാന്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ഇമാനെക്കുറിച്ച് യുഎഇ അഭിമാനം കൊള്ളുന്നുവെന്ന ഹാഷ് ടാഗോടെയാണ് യുഎഇ ദേശീയ ദുരന്ത നിവാരണ അതോരിറ്റി ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.