CrimeNEWS

ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും മോഷണം; പരിഹാരത്തിന് മാത്രം ശ്രമങ്ങളില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ 3500 രൂപയുമായി കടന്നുകളഞ്ഞെന്നാണ് പരാതി. വെ‌ഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് പണം നഷ്ടമായത്. മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോൾ പൊലീസിനെ സമീപിക്കെന്നായിരുന്നു മറുപടി.

ഇന്നലെ രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ ഗോമതിയെ പരിശോധിച്ചു. സ്റ്റെതസ്കോപ്പ് അടക്കം ഇട്ട് എത്തിയതിനാൽ ഡോക്ടറാണെന്ന വിശ്വാസമായിരുന്നു സുനിതയ്ക്കും ഭിന്നശേഷിക്കാരിയായ മകൾ സുനിതയ്ക്കും. ഇയാൾ തന്നെ ഇന്ന് പുലർച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. കുറ്റിയിടാൻ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോൾ ലഭിച്ച മറുപടി വിചിത്രമായിരുന്നു.

44ാം നമ്പർ പേ വാർഡിലാണ് മോഷണം നടന്നത്. ഹൃദയവാല്‍വ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പ് മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ പൂർത്തിയായി. ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മോഷണം നടന്നിട്ടുണ്ട്. ആശുപത്രിയിൽ കയറി മരുന്ന് മോഷ്ടിക്കുന്ന അവസ്ഥവരെയുണ്ടായിട്ടുണ്ട്. വീഴ്ചകൾ തുടരെ സംഭവിക്കുമ്പോഴും പരിഹാരത്തിന് മാത്രം ശ്രമങ്ങളില്ല.

Back to top button
error: