കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരേയുണ്ടായ എസ്.എഫ്.ഐ. ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ദേശാഭിമാനി ഓഫീസിനുനേരേ ആക്രമണം. കല്‍പ്പറ്റയില്‍ പ്രകടനമായെത്തിയ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. ഇന്ന് വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം.
രാഹുല്‍ഗാന്ധിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ ദേശാഭിമാനി ഓഫീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. കല്ലും വടികളുമായെത്തിയ പ്രവര്‍ത്തകര്‍ ജില്ലാ ബ്യൂറോ ഓഫീസിന് സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു. വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയായ സ്ത്രീയും കുട്ടികളും പുറത്തിറങ്ങി ഒച്ചവയ്ച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞത്.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജഷീര്‍ പള്ളിവയല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റയില്‍ പ്രകടനം നടന്നത്. ദേശീയപാതയിലെ റാലിക്കിടെ ഒരുസംഘം പ്രവര്‍ത്തകര്‍ വഴിതിരിഞ്ഞ് കല്‍പ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക് എത്തി കല്ലെറിയുകയായിരുന്നു.