തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയായ എസ്എഫ്‌ഐ നേതാവ് അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കി. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്. മുന്‍ കാല പ്രാബല്യത്തോടെയാണ് അവിഷിത്തിന്റെ ഒഴിവാക്കിയത്. അവിഷിത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍ തിരികെ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
എംപി ഓഫീസ് ആക്രമണത്തിന് പിന്നാലെ ഇന്ന് രാവിലെ മന്ത്രിയുടെ ഓഫീസ് കെ.ആര്‍.അവിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഏറെ നാളായി ഓഫീസില്‍ ഹാജരാകുന്നില്ലെന്നും അതിനാല്‍ ഒഴിവാക്കണമെന്നുമാണ് കത്തില്‍ കാരണമായി പറയുന്നത്. ഇതിന് പിന്നാലെയാണ് നടപടി.
പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെ ഒരു മാസം മുമ്പ് തന്നെ ഒഴിവാക്കിയിരുന്നു എന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതായാണ് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം മന്ത്രി നിഷേധിച്ചു. അവിഷിത്തിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ‘സംഭവം എന്താണ് എന്ന് അന്വേഷിക്കട്ടെ. അന്വേഷിച്ച് നടപടി സ്വീകരിക്കും എന്നാണ് രാവിലെ പറഞ്ഞത്. അതിന് ശേഷം കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ സ്റ്റാഫ് ആയിരുന്ന അവിഷിത്ത് വ്യക്തിപരമായ കാരണങ്ങളാല്‍ ജൂണ്‍ ആദ്യം മുതല്‍ തന്നെ ഓഫീസില്‍ വന്നിരുന്നില്ല.
ഇടക്ക് കുറച്ചു ദിവസം വന്നിരുന്നു. അതുകൊണ്ട് 15-ാം തീയതി തന്നെ അവിഷിത്തിനെ പിരിച്ചു വിടണമെന്ന് പറഞ്ഞ് ഓഫീസില്‍ നിന്ന് പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്’, മന്ത്രി വ്യക്തമാക്കി. ജനാധിപത്യത്തില്‍ ആര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അടൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമുണ്ടായ പശ്ചാത്തലത്തില്‍ മന്ത്രി പറഞ്ഞു. അവര്‍ പ്രതിഷേധിക്കട്ടെ. വഴി തടയലില്‍ ഭയക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേ സമയം തന്നെ പ്രതി ചേര്‍ത്തതിന് പിന്നാലെ പൊലീസിനെ വിമര്‍ശിച്ച് അവിഷിത്ത് രംഗത്തെത്തി. കേരളത്തിലെ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പ്രതിരോധം തീര്‍ക്കുമെന്നാണ് അവിഷിത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.