കൽപറ്റ: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ത്വരിതപ്പെടുത്തി പൊലീസ്. ഓഫീസ് ആക്രമിച്ച കേസിൽ 19 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉന്നതതല അന്വേഷണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശം. സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകുവാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച (SFI Workers attacked the MP office of Rahul Gandhi) നടപടി ദൗർഭാഗ്യകരമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി . വയനാട് എസ് എഫ് ഐ യുടെ പ്രവർത്തിയെ പിന്തുണയ്ക്കുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സംഘടനപരമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.എസ്എഫ്ഐയുടെ യുടെ ഓഫീസുകൾക്ക് മുൻപിലുള്ള കോൺഗ്രസ് പ്രതിഷേധവും അപലപനീയമാണെന്നും വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള ജനാധിപത്യപരമായ ബന്ധത്തെ അത് ബാധിക്കുമെന്നും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് നേർക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും തള്ളിപ്പറയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല.
രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട ഈ സംഭവം ഉയർത്തിപ്പിടിച്ച് എസ്എഫ്ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാർത്ഥികളും തിരിച്ചറിയണം.
അവസരം മുതലെടുത്ത് എസ്എഫ്ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാർത്ഥികളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുകയും ചെയ്യുമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ, വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ സിപിഎം തള്ളിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജൻ പറഞ്ഞു.