മുംബൈ: ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീ പിടിക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. എന്നാൽ ടാറ്റയുടെ ജനകീയ ഇലക്ട്രിക് കാര്‍ നെക്സണിന് മുംബൈയിൽ തീപിടിച്ചു. രാജ്യത്ത് ആദ്യമാണ് ഇലക്ട്രിക് കാറിനു തീപിടിച്ചത്. ഈ സംഭവത്തെക്കുറിച്ച് ടാറ്റ അന്വേഷണം തുടങ്ങി.
മുംബൈ വസായി വെസ്റ്റിലാണ് സംഭവം. വാഹനത്തിനു തീപിടിക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുംബൈയിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വാഹനത്തിന്റെയും ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ടാറ്റ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിശദമായ അന്വേഷണത്തിനു ശേഷം ഇതിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കുമെന്ന് ടാറ്റ അറിയിച്ചു. രാജ്യത്ത് ഏറ്റവും വില്‍ക്കുന്ന ഇലക്ട്രിക് കാറാണ് ടാറ്റ നെക്സോണ്‍. പ്രതിമാസം 2500 മുതല്‍ 3000വരെ കാറുകള്‍ വിറ്റുപോവുന്നുണ്ട്.